മോദി ഭരണം നാസി ഭരണത്തിന് തുല്യമെന്ന് ഇടയലേഖനം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രിസ്ത്യന്‍സഭയുടെ ഇടയലേഖനം. ഗോവ, ദാമന്‍ അതിരൂപതയുടെ ഇടയലേഖനത്തിലാണ് കേന്ദ്രത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത് ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ നാസി ഭരണത്തിന് തുല്യമാണെന്നാണ് ഇടയലേഖനം ആരോപിക്കുന്നത്.
ഭരണഘടനയെ നശിപ്പിച്ച് ജര്‍മ്മനിയിലെ നാസികളെ പോലെ ഭരിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഈ മാസം 23ന് ഗോവ തലസ്ഥാനമായ പനാജിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനിടയിലാണ് ലേഖനം പുറത്തുവന്നത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയോ മതനിരപേക്ഷതയോ അല്ല. സ്വാതന്ത്ര്യമാണ്.
ഫാസിസത്തോട് രാജിയാകാത്ത ഒരു സ്ഥാനാര്‍ഥിക്ക് മാത്രമേ നിങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്താവൂ. ദേശ വ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന ഫാസിസത്തെ തടയിടാന്‍ വര്‍ഗീയ ശക്തികള്‍ക്കെതിരേ വോട്ട് രേഖപ്പെടുത്തണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് രാജ്യത്തെ മൊത്തം നിയന്ത്രിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഗോവ മുഖ്യമന്ത്രി പരീക്കര്‍ക്കെതിരെയും ലേഖനത്തില്‍ പരോക്ഷ വിമര്‍ശനമുണ്ട്. വോട്ട് ചെയ്യുന്നത് വ്യക്തികള്‍ക്കല്ല. മറിച്ച് ദേശവ്യാപകമായ ഫാസിസത്തിനെതിരേ നിലപാട് എടുക്കുകയാണ് വേണ്ടതെന്നും അതിനാല്‍ വ്യക്തികളെ നോക്കി വോട്ട് ചെയ്യരുത്. ഓരോരുത്തരുടെയും വോട്ട് ഫാസിസത്തിനെതിരായ വിധി എഴുത്താകണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
സ്വാതന്ത്ര്യവും ജനാധിപത്യവും മതേതരത്വവുമാണ് അഴിമതിയേക്കാള്‍ പ്രധാനപ്പെട്ടത്. അപൂര്‍വം ചില അവസരങ്ങളുണ്ട്. ഓഗസ്റ്റ് 23 അതില്‍ ഒന്നാണ്.
ഒരു സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ മൊത്തം ഭാവി ഒരൊറ്റ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചിരിക്കുന്നുവെന്നും പനാജിയിലെ തെരഞ്ഞെടുപ്പിനെ ചൂണ്ടിക്കാട്ടി ലേഖനം പറയുന്നു. പനാജിയില്‍ പരീക്കര്‍ പരാജയപ്പെട്ടാല്‍ അത് ഫാസിസത്തിന്റെ പരാജയമായിരിക്കുമെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."