കുഴൂരിലെ എ.ടി.എം കൗണ്ടര്‍ തുറക്കാത്തതിനെതിരേ പ്രതിഷേധം
മാള: അടച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും എസ്.ബി.ഐ കുഴൂര്‍ ശാഖയോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടര്‍ തുറക്കാന്‍ നടപടിയില്ലാത്തതിനെതിരേ പ്രതിഷേധം. എ.ടി.എം കൗണ്ടര്‍ തുറക്കാത്തതിനൊപ്പം ഒട്ടേറെ ആക്ഷേപങ്ങളും എസ്.ബി.ഐ കുഴൂര്‍ ശാഖക്ക് നേരെ ഉയരുന്നുണ്ട്. ബാങ്കില്‍ അക്കൗണ്ട് തുറക്കാനായി ബാങ്കില്‍ നിന്നും സൗജന്യമായി ഫോം വിതരണം ചെയ്യുന്ന സ്ഥാനത്ത് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഫോട്ടോസ്റ്റാറ്റ് ഷോപ്പില്‍ നിന്നും പണം കൊടുത്ത് അപേക്ഷാഫോം വാങ്ങേണ്ട സാഹചര്യമാണ് നേരത്തെയുണ്ടായിരുന്നത്. ബാങ്കില്‍ ചെന്നാലും പല ഉദ്യോഗസ്ഥരില്‍ നിന്നും മോശമായ സമീപനമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപവുമുണ്ട്. ഇത്തരത്തില്‍ ഉപഭോക്താക്കളെ ബാങ്കില്‍ നിന്നും അകറ്റുന്ന സമീപനങ്ങളാണ് നിരന്തരമുണ്ടാകുന്നത്. വലിയപറമ്പിനും എറണാകുളം ജില്ലയിലെ മൂഴിക്കുളത്തിനും ഇടയിലുള്ള ഏക എ.ടി.എം കൗണ്ടറാണ് കുഴൂരിലേത്. 11 കിലോമീറ്ററിനിടയില്‍ ആകെയുള്ള എ ടി എം കൗണ്ടര്‍ ഉപയോഗിച്ചിരുന്നത് നിത്യേന നൂറുകണക്കിനാളുകളാണ്.
ദിവസവും ഇവിടെയെത്തി നിരാശയോടെ തിരികെ പോകുന്നത് അനേകരാണ്. സ്വന്തം വാഹനമില്ലാത്തവര്‍ പലയിടങ്ങളില്‍ നിന്നും ബസ്സിലെത്തി കൗണ്ടര്‍ അടഞ്ഞു കിടക്കുന്നത് കണ്ട് അടുത്ത ബസ് കാത്ത് മണിക്കൂറുകളോളം നില്‍ക്കേണ്ട ദുരവസ്ഥയാണുള്ളത്. എസ് ബി ഐ അക്കൗണ്ടുള്ളവരില്‍ ചിലര്‍ ബാങ്കിലെത്തി പരമ്പരാഗത രീതിയില്‍ ഇടപാട് നടത്താനായി സമയമേറെ കാത്ത് നില്‍ക്കുന്ന അവസ്ഥയുമുണ്ട്. കൗണ്ടര്‍ അടഞ്ഞു കിടക്കുന്നതിനെ കുറിച്ച് ബാങ്കധികൃതരോട് അന്വേഷിച്ചാല്‍ കൃത്യമായ മറുപടി നല്‍കാനവര്‍ തയ്യാറാകുന്നില്ല. കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പണമില്ലാത്തതിനാലും നൂറിന്റെ നോട്ടുകളില്ലാത്തതിനാലും പണമുണ്ടായാലും നെറ്റ് തകരാറിലായതിനാലും മറ്റും ഇടപാട് നടക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. ഇപ്പോള്‍ രണ്ട് മാസങ്ങളായി കൗണ്ടര്‍ തന്നെ അടച്ചിട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കുഴൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രാമസഭയുടെ മിനിറ്റ്‌സില്‍ ഇടം നേടിയിരിക്കയാണ് ഈ എ ടി എം കൗണ്ടര്‍. ശക്തമായ പ്രതിഷേധമാണ് എ.ടി.എം അടഞ്ഞ് കിടക്കുന്നതിനെതിരെ ഗ്രാമസഭയില്‍ ഉയര്‍ന്നത്. ബാങ്കിന്റെവെബ് സൈറ്റില്‍ വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും മറ്റും നാട്ടുകാര്‍ പോസ്റ്റ് ചെയ്തിട്ടും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടും കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനുള്ള യാതൊരു നീക്കവും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."