പ്ലാച്ചിമട സമരപ്പന്തല്‍ ഇനി ചരിത്രത്തിന്റെ ഭാഗം
പാലക്കാട്: ബഹുരാഷ്ട്ര ഭീമന്‍ കൊക്കകോളയെ കെട്ടുകെട്ടിക്കാന്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി നടത്തിയ ഗാന്ധിയന്‍ സമരത്തിന് അടിത്തറയിട്ട പ്ലാച്ചിമടയിലെ സമരപന്തല്‍ ചരിത്രത്തിന്റെ ഭാഗമാക്കുന്നു. കൊക്കക്കോള പ്ലാച്ചിമടയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും സമരപന്തല്‍ സ്ഥിരമായി നിലനിര്‍ത്താനും, ഇവിടെ പഠനത്തിനും മറ്റുമായി എത്തുന്നവര്‍ക്ക് പഠനസൗകര്യം ഒരുക്കുവാനുമാണ് പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതിയും ഐക്യദാര്‍ഢ്യ സമരസമിതിയുംതയാറെടുക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സമരപന്തല്‍ ഇവിടെയുണ്ട്.
പ്ലാച്ചിമടയിലെ കോള കമ്പനിക്ക് മുന്നില്‍ റോഡിനു അപ്പുറത്തായാണ് പന്തല്‍ സ്ഥിതി ചെയ്യുന്നത്. പട്ടഞ്ചേരി പഞ്ചായത്തിലാണ് ഈ സ്ഥലം. പതിനഞ്ചു വര്‍ഷത്തെ സമരചരിത്രത്തിന് സാക്ഷ്യം വഹിച്ച പന്തല്‍ കെട്ടിമേയാതെ ജീര്‍ണാവസ്ഥയിലാണ്. ഓല കൊണ്ട് മേഞ്ഞ പന്തലിന്റെ മുകള്‍ ഭാഗം മുഴുവന്‍ പൊളിഞ്ഞു തുടങ്ങി. മഴ പെയ്താല്‍ മുഴുവന്‍ വെള്ളവും പന്തലിനകത്തു തളം കെട്ടികിടക്കുന്നതിനാല്‍ സമരക്കാര്‍ക്ക് ഇതിനകത്തു ഇരിക്കാന്‍ കഴിയാറില്ല. അതിനാല്‍ പന്തല്‍ പുതുക്കി പണിയണം. ഇപ്പോള്‍ തന്നെ കേസ് നടത്തിപ്പ്, കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം ഇന്ത്യയിലെയും കേരളത്തിലെയും മറ്റു സമാന സമരങ്ങളില്‍ പങ്കെടുക്കാന്‍ പോയതിനുള്ള ചെലവ് എന്നീ ഇനങ്ങളില്‍ സമര സമിതിക്കു ഒന്നര ലക്ഷത്തോളം രൂപയുടെ കടവുമുണ്ട്. ഇതിനിടയില്‍ സമരപന്തല്‍ പുതുക്കാന്‍ നല്ലൊരു തുക വേണ്ടിവരുമെന്ന് സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സുപ്രഭാതത്തോട് പറഞ്ഞു
കോള പിന്മാറിയെങ്കിലും പ്ലാച്ചമടയിലെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വരുത്തിവച്ചത് 500കോടിയോളം രൂപ വരും. പാരിസ്ഥിതികമായ നഷ്ടം വളരെ വലുതാണ്. കമ്പനി കോംപൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ള ഖരമാലിന്യങ്ങള്‍ മണ്ണിനും, വെള്ളത്തിനും വരുത്തിവെക്കുന്ന ദുരിതം തലമുറകള്‍ കഴിഞ്ഞാലും പരിഹരിക്കപ്പെടില്ലെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്ലാച്ചിമടക്കാര്‍ക്കു നഷ്ടപരിഹാരം കിട്ടുന്നതുവരെ സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം.
കേരളസര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും പ്ലാച്ചിമട നഷ്ട്ട പരിഹാര ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്തി വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇത് അംഗീകരിച്ച് നഷ്ടപരിഹാരം കിട്ടുന്ന വരെ പ്ലാച്ചിമടയില്‍ സമരം തുടരും. അതുവരെ സമരപന്തല്‍ നിലനിര്‍ത്തും. അതിന് വേണ്ടി വളരെ വൈകാതെ തന്നെ ഓലകൊണ്ട് മേഞ്ഞ സമരപന്തല്‍ ഇനി ഷീറ്റ് കൊണ്ട് മേയാനാണ് തീരുമാനം.
സുരക്ഷിതത്വം കൂട്ടുന്നതോടൊപ്പം പന്തല്‍ നീളം കുറച്ചു് വീതി കൂട്ടാനും സമരസമിതി ആലോചിക്കുന്നുണ്ട്. നാല്‍പത്തഞ്ച് അടി നീളത്തിലും 17 അടി വീതിയിലുമാണ് പുതിയ പന്തല്‍ നിര്‍മിക്കുന്നത്. നിലവില്‍ അറുപതടി നീളമാണുള്ളത്. സമരം സജീവമായിരുന്ന സമയത്ത് പന്തല്‍ പലതവണ തീവച്ചു നശിപ്പിക്കാനും ശ്രമിച്ചിരുന്നു. ഇതിനെതിരേ കേസുമുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."