മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനം: ഇന്ത്യന്‍ സഹായം നിരസിക്കുമെന്ന് സിറിയ
ദമസ്‌കസ്: ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ സിറിയയുടെ പുനര്‍ നിര്‍മാണത്തിന് ഇന്ത്യന്‍ സഹായം വേണമോ എന്ന കാര്യത്തില്‍ വീണ്ടും ആലോചിക്കേണ്ടിവരുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അടുത്ത അനുയായി. ജൂതരാഷ്ട്രമായ ഇസ്‌റാഈല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണിത്.
മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തോടെ ഇന്ത്യയോടുള്ള മതിപ്പ് കുറഞ്ഞതാണ് സിറിയയുടെ പുനര്‍നിര്‍മാണത്തിന് ഇന്ത്യന്‍ സഹായം നിരസിക്കാന്‍ കാരണമെന്ന് അസദിന്റെ അടുത്ത അനുയായി ബൗതാനിയ ശഅബന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
2011 മുതല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വിദേശനയമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്.
അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ അസദിനെതിരേ രംഗത്തുവന്നപ്പോഴും ഇന്ത്യയും റഷ്യയും ഇറാനും അസദിനെ പിന്തുണയ്ക്കുകയായിരുന്നു. സിറിയന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലെ പ്രമുഖ ശക്തിയാണ് ഇന്ത്യ എന്നിരിക്കെ സിറിയ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് അവരുടെ കടുത്ത പ്രതിഷേധമാണെന്ന് വിലയിരുത്തപ്പെടുന്നു.
മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തില്‍ സിറിയന്‍ ജനത ഏറെ നിരാശരാണെന്ന് ശഅബന്‍ പറഞ്ഞു. ദമസ്‌കസിലെ സുരക്ഷിത മേഖലയായ ഗ്രീന്‍ സോണിലെ ഹോട്ടലില്‍ വച്ചാണ് ശഅബന്‍ അഭിമുഖം നല്‍കിയത്.
മുസ്‌ലിംകളുടെ രാജ്യമായ ഫലസ്തീനിന്റെ ഭാഗങ്ങള്‍ കൈവശപ്പെടുത്തുകയും അവിടുത്തെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ഇസ്‌റാഈല്‍. അവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചതോടെ ഇന്ത്യ അതിന്റെ പാരമ്പര്യവും ധാര്‍മികതയും നഷ്ടപ്പെടുത്തിയതായി സിറിയക്കാര്‍ സംശയിക്കുന്നു.
ഇത്തരത്തില്‍ ഒരു പ്രവൃത്തി ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ഇന്ത്യയിലെ സ്ഥിരസന്ദര്‍ശക കൂടിയായ ശഅബന്‍ ദേശീയമാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
സിറിയന്‍ പുനര്‍നിര്‍മാണത്തിന് ചൈനയില്‍ നിന്നോ റഷ്യയില്‍ നിന്നോ സഹായം സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്കു വിരോധമില്ല.
പക്ഷെ ഇന്ത്യയില്‍ നിന്ന് ഒരു സഹായ വാഗ്ദാനം ലഭിച്ചാല്‍ ഞങ്ങള്‍ അതു സ്വീകരിക്കുമോ എന്നു സംശയമുണ്ടെന്നും ശഅബന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."