വിജിലന്‍സ് കേസില്‍ പ്രതിയായ ഡോക്ടറെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കം വിവാദമാകുന്നു
നിലമ്പൂര്‍: വിജിലന്‍സ് കേസില്‍ പ്രതിയായ ഡോക്ടറെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ തിരികെകൊണ്ടുവരാനുള്ള നീക്കം വിവാദമാകുന്നു. മരുന്ന് ഇടപാടില്‍ 45 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടം വരുത്തിയതായി ഔഷധ നിയന്ത്രണ വകുപ്പ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ വിജിലന്‍സ് കേസില്‍ പ്രതിയായ ഡോ.ഷിനാസ് ബാബുവിനെയാണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ ചെറുവത്ത്കുന്നില്‍ സ്വകാര്യ പ്രാക്ടീസ് തുടങ്ങാനുള്ള ഷിനാസ്ബാബുവിന്റെ നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
സസ്‌പെന്‍ഷനു ശേഷം രണ്ടുമാസം മുന്‍പ് സര്‍വീസില്‍ കയറി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ജോലിനോക്കുകയാണ് ഷിനാസ് ബാബു. ഇവിടെനിന്നാണ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു വരാനുള്ള ശ്രമം നടക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ലേബല്‍ മാറ്റി വിപണിയിലെത്തുന്നതായുള്ള പരാതിയില്‍ ഔഷധനിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് ഡോക്ടറുടെ മരുന്ന് ഇടപാട് കണ്ടെത്തിയിരുന്നത്. പരിശോധനയില്‍ തൃശൂരിലെ ലെന്നക്ക് ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയിലിറക്കിയ ലാക്റ്റം- എസ്ബി എന്ന ബ്രാന്‍ഡിലുള്ള ആന്റിബയോട്ടിക് ഇഞ്ചക്ഷനാണ് ലേബല്‍ മാറ്റി വിപണിയില്‍ ഇറക്കിയതായി കണ്ടെത്തി. മറ്റൊരു ചേരുവയുള്ള ഇന്‍ജക്ഷന്‍ സൊണാക്ടം എസ്.ബിയുടെ കുപ്പികളില്‍ ലാക്ടം എസ്.ബിയുടെ ലേബല്‍ ഒട്ടിച്ചുള്ള വില്‍പനയും പിടികൂടി. ഇതോടെ ലെന്നക് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുഴുവന്‍ മരുന്നുകളും നിരോധിച്ചു. വിവാദ കമ്പനിയുടെ മരുന്നുകള്‍ കൂടുതലായി നിര്‍ദേശിച്ചത് അന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യനായ ഷിനാസ്ബാബുവായിരുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വിലകൂടിയ ഇന്‍ജക്ഷനുകള്‍ രോഗികളില്‍ അനാവശ്യമായി കുത്തിവെച്ചതായും കണ്ടെത്തിയിരുന്നു. ഗുണമേന്‍മയുള്ള കമ്പനികളുടെ വിലകുറഞ്ഞ മരുന്നുള്ളപ്പോള്‍ നിലവാരമില്ലാത്ത വിലകൂടിയ മരുന്ന് നിര്‍ദേശിച്ചതിലൂടെ സര്‍ക്കാരിന് 45 ലക്ഷം രൂപയുടെ നഷ്ടം വരുത്തിവെച്ചെന്നാണ് ഔഷധ നിയന്ത്രണ വിഭാഗം ഇന്റലിജന്‍സ് കണ്ടെത്തിയത്. യുവമോര്‍ച്ച നേതാവ് ടി.കെ അശോക് കുമാര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതോടെ ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്. മരുന്ന് ഇടപാടില്‍ പ്രതിയായ ഡോക്ടര്‍ക്കെതിരെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച സംഘടനകള്‍ സമരം നടത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെയാണ് ഡോക്ടറെ സ്ഥലംമാറ്റാനും പിന്നീട് സസ്‌പെന്റ് ചെയ്യാനും തയാറായത്. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ വിദേശത്ത് ജോലിനോക്കുകയായിരുന്ന ഡോക്ടര്‍ ഇപ്പോള്‍ മാനന്തവാടിയില്‍ ജില്ലാ ആശുപത്രിയില്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചുവരികയാണ്. ഇതിനിടെയാണ് ഒരു എംഎല്‍എയുടെ സ്വാധീനമുപയോഗിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറാനുള്ള ശ്രമം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."