ഷുക്കൂര്‍ വധക്കേസ്: പി.ജയരാജനും രാജേഷിനുമെതിരേ സി.ബി.ഐയുടെ പുനരന്വേഷണം
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കള്‍ക്കെതിരേ സി.ബി.ഐയുടെ പുനരന്വേഷണം. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി രാജേഷ് എന്നിവര്‍ക്കെതിരേയാണ് സി.ബി.ഐയുടെ പുനരന്വേഷണം. സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസിന്റെ അന്വേഷണച്ചുമതല. ഇതിന്റെ ഭാഗമായി അന്വേഷണസംഘം തളിപ്പറമ്പിലെ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു.
2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് പ്രവര്‍ത്തകനായ അരിയില്‍ ഷൂക്കൂര്‍ കൊല്ലപ്പെടുന്നത്. അരിയില്‍ സന്ദര്‍ശനം നടത്തിയ പി.ജയരാജന്റെ കാര്‍ ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഷൂക്കൂര്‍ കൊല്ലപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ജയരാജന്‍ പ്രവര്‍ത്തകരോട് ആക്രമണവുമായി ബന്ധപെട്ട വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്നാണ് മാധ്യമപ്രവര്‍ത്തകനോട് സി.ബി.ഐ അന്വേഷണസംഘം ചോദിച്ചത്.
അരിയില്‍ സന്ദര്‍ശനം നടത്തിയ പി.ജയരാന്‍, ടി.വി രാജേഷ് എന്നിവരെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് പ്രതികാരം എന്ന നിലയിലാണ് കീഴറയിലെ വീട് വളഞ്ഞ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്.
നേരത്തെ കേസില്‍ ഉള്‍പ്പെട്ട പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ. എന്നിവര്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."