ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടക സംഘം ഇന്ന് യാത്ര തിരിക്കും
നെടുമ്പാശ്ശേരി: ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടക സംഘം ഇന്ന് യാത്ര തിരിക്കും. 305 പേരാണ് ലക്ഷദ്വീപില്‍ നിന്ന് ഈ വര്‍ഷം ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ യാത്രയാകുന്നത്. ഇവര്‍ ഇന്നലെ രാവിലെ 10 മണിയോടെ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെത്തി.
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസിയുടെ നേതൃത്വത്തിലാണ് ലക്ഷദ്വീപ് ഹാജിമാര്‍ എത്തിയത്.
ലക്ഷദ്വീപില്‍ ജനവാസമുള്ള 10 ദ്വീപില്‍ നിന്നും പ്രതിനിധ്യമുണ്ട്. 62 ഹാജിമാരുള്ള ആന്ത്രോത്ത് ദ്വീപില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍. അഗത്തി 42, അമിനി, 30, കടമത്ത് 30, ചെത്ത്‌ലത്ത് 39, കല്‍പേനി 25, കവരത്തി 30, ബിത്ര 2, കില്‍ത്തന്‍ 32, മിനിക്കോയ് 13 എന്നിങ്ങനെയാണ് മറ്റ് ദ്വീപുകളില്‍ നിന്നുള്ള പ്രാതിനിധ്യം.
സര്‍ക്കാര്‍ വിദ്യാലങ്ങളിലെ അധ്യാപകരായ കടമത്ത് ദ്വീപില്‍ നിന്നുള്ള അബ്ദുല്‍ ഗഫൂര്‍, ആന്ത്രോത്ത് ദ്വീപില്‍ നിന്നുള്ള മുഹമ്മദ് ഖാസിം തങ്ങള്‍ എന്നിവരാണ് ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാരോടൊപ്പം യാത്രയാകുന്ന വളണ്ടിയര്‍മാര്‍.
373 പേരാണ് ഹജ്ജ് കമ്മിറ്റി വഴി യാത്രയാകാന്‍ ലക്ഷദ്വീപില്‍ നിന്ന് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ നിന്ന് 301 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. നാല് പേര്‍ക്ക് ഇന്ത്യന്‍ വൈസ് പ്രസിഡന്റിന്റെ പ്രത്യേക ക്വാട്ടയിലും അനുമതി ലഭിക്കുകയായിരുന്നു.
ലക്ഷദ്വീപിന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ക്വാട്ട 65 ആണ്. എന്നാല്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ പ്രത്യേക ഇടപെടലിനെ തുടര്‍ന്നാണ് കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ 5.45 ന് പുറപ്പെടുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ 300 പേരും രാവിലെ 10.15 ന് പുറപ്പെടുന്ന വിമാനത്തില്‍ ബാക്കിയുള്ള അഞ്ചു പേരും യാത്രയാകും.
ഈ വിമാനത്തില്‍ ബാക്കി 295 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ലക്ഷദ്വീപില്‍ നിന്ന് 161 പുരുഷന്മാരും 144 സ്ത്രീകളുമാണ് ഇന്ന് യാത്രയാകുക. കേരളത്തില്‍ നിന്ന് യാത്രയാകുന്നവരില്‍ 140 പുരുഷന്മാരും 155 സ്ത്രീകളുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."