കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോടികളുടെ ക്രമക്കേട്
ആര്‍പ്പൂക്കര: കുട്ടികളുടെ ആശുപത്രിയുടെ വികസനത്തിന് എല്ലാ വര്‍ഷവും അനുവദിക്കുന്ന കോടിക്കണക്കിനു രൂപ വകമാറ്റി ചെലവഴിക്കുന്നത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്. 2010 മുതല്‍ അനുവദിച്ച കോടികളാണ് വകമാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2010 മുതല്‍ ഒന്നരക്കോടി രൂപ വീതമാണ് വര്‍ഷം തോറും കുട്ടികളുടെ ആശുപത്രിക്കായി അനുവദിക്കുന്നത്. ഇതത്രയും വകമാറ്റിയെന്നാണ് കണ്ടെത്തല്‍. നവജാത ശിശുക്കളുടെ ചികിത്സയ്ക്കായി ആധുനിക സൗകര്യങ്ങളുള്ള വെന്റിലേറ്റര്‍ വാങ്ങുന്നതിന് അനുവദിച്ചത് അടക്കമുള്ള ഫണ്ടാണ് ഇത്തരത്തില്‍ തിരിച്ചുമറിച്ചത്. ചൈല്‍ഡ് ആന്റ് വുമണ്‍സ് ഹെല്‍ത്ത് വിഭാഗമാണ് കുട്ടികളുടെ ആശുപത്രി വികസനത്തിനായി ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ ഫണ്ട് കുട്ടികളുടെ ആശുപത്രിക്ക് സാധാരണ കൈമാറുക പതിവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വര്‍ഷം ശരാശരി അഞ്ഞൂറോളം നവജാത ശിശുക്കള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കുട്ടികളാണ് ഐ.സി.എച്ചില്‍ ചികിത്സതേടി എത്തുന്നത്. അതില്‍ ആറായിരത്തില്‍ അധികംപേര്‍ക്കും കിടത്തിച്ചികിത്സ നല്‍കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഏറെയും. എന്നാല്‍ രോഗികളായ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള യാതൊരു ആധുനിക സൗകര്യവും ഇവിടെ സജ്ജീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്.
ഹൃദ്രോഗ പരിശോധനയായ എക്കോ സിസ്റ്റം അടക്കമുള്ളവയ്ക്ക് ഐ.സി.എച്ചിലെ രോഗികള്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പോര്‍ട്ടബിള്‍ എക്‌സ്‌റേ സംവിധാനവും ഇവിടെ ലഭ്യമല്ല. അള്‍ട്രാസൗണ്ട് സ്‌കാനിങ്, വെന്റിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളുള്ള ആംബുലന്‍സ്, രോഗനിര്‍ണയത്തിനുള്ള ആധുനിക സംവിധാനം തുടങ്ങിയവയും ഐ.സി.എച്ചില്‍ സജ്ജീകരിക്കുന്നതിനായാണ് ഫണ്ട് അനുവദിച്ചിരുന്നത്. അത്തരത്തില്‍ ലഭിച്ച കോടിക്കണക്കിനു രൂപയാണ് വകമാറ്റി ചെലവിട്ടതായി കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ നടപടിക്കായി ഉന്നതാധികൃതര്‍ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."