ഓണക്കാലത്ത് കൂടുതല്‍ ട്രെയിനുകളും വിമാനങ്ങളും അനുവദിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനോടാവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വേ മന്ത്രിക്കയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്ന് ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണം. കേരളത്തിന് പുറത്തു കഴിയുന്ന മലയാളികള്‍ കുടുംബത്തോടൊപ്പം നാട്ടില്‍വരാന്‍ പ്രധാനമായും ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഇടത്തരക്കാരും കുറഞ്ഞ വരുമാനക്കാരുമാണ് ഇവരില്‍ ഭൂരിഭാഗവും. ട്രെയിന്‍ കിട്ടാത്തതിനാല്‍ നാട്ടില്‍ വരാന്‍ മിക്കപ്പോഴും അവര്‍ പ്രയാസപ്പെടുന്നു. ഇക്കൊല്ലം ഓണത്തോടൊപ്പം സെപ്റ്റംബര്‍ ഒന്നിന് ബക്രീദും വരുന്നു. അതിനാല്‍ തിരക്ക് കൂടും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഗള്‍ഫ് നാടുകളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗജപതി രാജുവിനും മുഖ്യമന്ത്രി കത്തയച്ചു. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണ പ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. 15,000 സീറ്റുകളെങ്കിലും അധികം അനുവദിച്ചാല്‍ ഉത്സവ സീസണുകളില്‍ തിരക്ക് കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കാന്‍ കഴിയും. ഇപ്പോള്‍ ഗള്‍ഫ് നഗരങ്ങളിലേക്ക് 50,000 രൂപ വരെ ഈടാക്കുന്നുണ്ട്. കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ നിരക്ക് 30,000 രൂപയില്‍ താഴെയാക്കാന്‍ കഴിയും.
മെയ് 15ന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ വിളിച്ച വിമാന കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ഉറപ്പ് നല്‍കിയത്, വിമാന കമ്പനികള്‍ കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ തയാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ്. അതിന്റെ തുടര്‍ച്ചയായി ജൂണ്‍ 23-ന് താന്‍ കേന്ദ്രമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ ഒന്നിനും ഇടയ്ക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകണം. യോഗത്തിന് ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്‌ളൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആഭ്യന്തര വിമാന കമ്പനികള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് അടിസ്ഥാനമില്ല.
ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസ് വരുമ്പോള്‍ അവര്‍ക്ക് ലഭിക്കേണ്ട യാത്രക്കാര്‍ കുറയുമോ എന്നാണ് ആശങ്ക. എന്നാല്‍, ഉത്സവസീസണില്‍ നിറയെ യാത്രക്കാരെ ലഭിക്കുമെന്നതാണ് അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."