ആറന്മുള മിച്ചഭൂമി ഏറ്റെടുക്കല്‍ വൈകിപ്പിക്കല്‍: കലക്ടറോട് മന്ത്രി വിശദീകരണം ആവശ്യപ്പെട്ടു
പത്തനംതിട്ട: ആറന്മുളയിലെ മിച്ചഭൂമി ഏറ്റെടുക്കുന്ന നടപടി വൈകിപ്പിച്ചതിനു ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയോട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ വിശദീകരണം ആവശ്യപ്പെട്ടു. കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ എബ്രഹാമിന്റെ 118.74.65 ഹെക്ടര്‍ മിച്ചഭൂമി ഏഴ് ദിവസത്തിനുള്ളില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ അനു എസ്.നായരുടെ ഉത്തരവ് നടപ്പാക്കാന്‍ വൈകിയതിനാണ് വിശദീകരണം ആരാഞ്ഞത്. നടപടി വൈകുന്നതു ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന എക്‌സി.അംഗം പി. പ്രസാദ്, കര്‍ഷക സംഘം നേതാവ് ഷാജി ചാക്കോ എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
ഓഗസ്റ്റ് ഒന്നിനാണ് മിച്ചഭൂമി ഏറ്റെടുക്കാന്‍ ഉത്തരവിട്ടത്. കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്കായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമയപരിധിക്കുള്ളില്‍ ഭൂമി ഏറ്റെടുക്കാതായതോടെ ഓഗസ്റ്റ് ഒന്‍പതിന് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കാന്‍ എബ്രഹാമിന് അവസരം ലഭിച്ചു.
കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ എബ്രഹാം കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് 293.30 ഏക്കര്‍ സ്ഥലം (118.74.65 ഹെക്ടര്‍) ആണ് കൈവശംവച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."