ആരോപണം നിഷേധിച്ച് ആര്യാടന്
മലപ്പുറം: കക്കാടംപൊയിലിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണം നിഷേധിച്ച് ആര്യാടന് മുഹമ്മദ്. കക്കാടംപൊയിലിലെ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ക്കു പിന്നില്‍ ആര്യാടന് കുടുംബമാണെന്ന തരത്തില്‍ അന്‍വര്‍ എം.എല്‍.എ നിയമസഭയിലും ഇന്നലെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിലും ആരോപണം ഉന്നയിച്ചിരുന്നു.
തന്റെ ബിനാമിയാണെന്ന് ആരോപിക്കപ്പെടുന്ന മുരുകേശ് നരേന്ദ്രനെതിരേ സുപ്രിം കോടതിവരെ കേസ് നടത്തിയയാളാണ് താന്‍. മുരുകേഷ് നരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള റീഗല്‍ എസ്റ്റേറ്റിലെ ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട നടപടിക്കെതിരേയാണ് താന്‍ സുപ്രിം കോടയില്നിന്ന് അനുകൂലവിധി സമ്പാദിച്ചത്. നിലമ്പൂര്‍ മണ്ഡലത്തിലെ പൂക്കോട്ടുംപാടത്ത് 33 കെ.വി സബ്സ്റ്റേഷന് ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ടും മുരുകേഷ് നരേന്ദ്രനെതിരേ താന്‍ നിയമനടപടി സ്വീകരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരാള്‍ എങ്ങിനെയാണ് തന്റെ ബിനാമിയാവുകയെന്നും ആര്യാടന് ചോദിച്ചു.
വാട്ടര്‍ തീം പാര്‍ക്ക് ഉള്‍പ്പെടെ എല്ലാ നിര്‍മാണങ്ങളും നടത്തിയത് നിയമവിരുദ്ധമായാണ്. ഇതിനെല്ലാം അനുകൂലമായി സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ചത് ഈ ഭരണകാലത്താണ്. ഇക്കാര്യത്തില്‍ വ്യക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും മലപ്പുറത്തുവച്ച് ആര്യാടന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."