കര്‍ശന നടപടിയുമായി സര്‍ക്കാര്‍; അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ക്ക് താഴുവീഴും
ചെറുവത്തൂര്‍: അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. അംഗീകാരമില്ലാത്ത ഒരു വിദ്യാലയത്തിനും അടുത്ത അധ്യയനവര്‍ഷം അനുമതി നല്‍കില്ല.
അംഗീകാരമില്ലാതെ 1500ലധികം വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് . 2009ലെ വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തില്‍ വന്നശേഷം അംഗീകാര സാക്ഷ്യപത്രം നേടാത്ത വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാകില്ല. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നേടുന്നതിന് 2013ല്‍ അവസരം നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ച 395 വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. എന്നാല്‍ സ്ഥലമോ കെട്ടിടമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള അധ്യാപകരോ ഇല്ലാത്ത നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പിന്നീടും പ്രവര്‍ത്തിച്ചുവന്നു.
ഇവയാണ് അടച്ചുപൂട്ടുന്നത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ നടപടി. അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുടെ ലിസ്റ്റ് ജില്ല തിരിച്ചു സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. ഇത്തരം വിദ്യാലയങ്ങളുടെ പേരുവിവരം മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കും. വിദ്യാഭ്യാസ ഓഫിസുകളിലും തദ്ദേശ ഭരണസ്ഥാപനങ്ങളിലും അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ എത് ക്ലാസ് മുതല്‍ ഏത് ക്ലാസ് വരെയാണ് പ്രവേശനം എന്നും പൊതുജനങ്ങളെ അറിയിക്കും. വിദ്യാലയം അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് അംഗീകാരമില്ലാത്ത വിദ്യാലയങ്ങളുടെ മാനേജര്‍മാര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കാനും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാര സര്‍ട്ടിഫിക്കറ്റുമായി നിരവധി വിദ്യാലയങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സ്ഥാപിച്ചതും അവയുടെ നിയന്ത്രണത്തിലുള്ളതോ ആയ വിദ്യാലയങ്ങള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്ന നിബന്ധന ഇവര്‍ക്കും തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."