ബിഹാര്‍ പ്രളയം: മരണം 153 ആയി
പട്ന: ബിഹാറില്‍ പ്രളയക്കെടുതി തുടരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ സംഖ്യ 153 ആയി. 17 ജില്ലകളിലായി ഒരു കോടിയോളം ജനങ്ങള്‍ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്നതായാണ് ഔദ്യോഗിക വിവരം.
ബിഹാറിന്റെ വടക്കന്‍-കിഴക്കന്‍ മേഖലകളിലാണു പ്രളയം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ചേര്‍ന്നു സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള 105 ഗ്രാമങ്ങള്‍ ഭാഗികമായും 35 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. അരാറിയ, പശ്ചിമ ചമ്പാരന്‍, സിതമര്‍ഹി, മധുഭാനി, കട്ടിഹാര്‍, കിഷന്‍ഗഞ്ച്, കിഴക്കന്‍ ചമ്പാരന്‍, സുപുവാല്‍, പുരുനിയ, മധേപുര, ദര്‍ബഹങ്ക, ഗോപാല്‍ഗഞ്ച്, സഹര്‍ഷ, കഗാരിയ, ഷെഹോര്‍, സരന്‍, മുസഫര്‍പുര്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 17 ജില്ലകളില്‍ 1,688 പഞ്ചായത്തുകളിലായി 1.08 കോടി ജനങ്ങളെ പ്രളയം ബാധിച്ചതായി ജില്ലാ ദുരന്ത നിവാരണ വിഭാഗം സെപ്ഷല്‍ സെക്രട്ടറി അനിരുദ്ധ് കുമാര്‍ അറിയിച്ചു.
പട്ന, ഗയ, ഭഗല്‍പൂര്‍, പുരുനിയ തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളില്‍നിന്നു ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."