ബുണ്ടസ് ലീഗ: ബയേണിന് വിജയത്തുടക്കം
മ്യൂണിക്ക്: സീസണിലെ ആദ്യ പോരാട്ടത്തില്‍ ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വിജയത്തുടക്കം. ബയേര്‍ ലെവര്‍കൂസനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ടീമിനായി അരങ്ങേറിയ നികളാസ് സ്യൂലെയും കൊറെന്റിന്‍ ടോളിസോയും ഗോളോടെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ശേഷിച്ച ഗോള്‍ പെനാല്‍ട്ടിയില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്വന്തമാക്കി.
സ്വന്തം തട്ടകത്തില്‍ ആശങ്കകളേതുമില്ലാതെയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. അതേസമയം പ്രീസീസണിലേറ്റ തിരിച്ചടികള്‍ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനും ബയേണിന് സാധിച്ചു.മാനുവല്‍ ന്യൂയര്‍, ജാവി മാര്‍ട്ടിനസ്, ജെയിംസ് റോഡ്രിഗസ്, തിയാഗോ, ജെറോം ബോട്ടെങ് എന്നിവരില്ലാതെയാണ് ബയേണ്‍ കളത്തിലിറങ്ങിയത്. എന്നാല്‍ അനായാസം മത്സരം മുന്നോട്ടു കൊണ്ടുപോകാന്‍ ടീമിന് സാധിച്ചു. സുലെയും ടോളിസോയുമാണ് ആദ്യ പകുതിയില്‍ മത്സരം നിയന്ത്രിച്ചത്.
ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളിന് ലീഡെടുക്കാന്‍ ബയേണിനായി. ഒന്‍പതാം മിനുട്ടില്‍ തന്നെ ബയേണ്‍ ആദ്യ ഗോള്‍ നേടി. സെബാസ്റ്റ്യന്‍ റൂഡിയുടെ തകര്‍പ്പനൊരു ഫ്രീകിക്കില്‍ അതിലും മികച്ചൊരു ഹെഡ്ഡറിലൂടെ സ്യൂലെ ടീമിനെ മുന്നിലെത്തിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് തുടര്‍ച്ചയായി ആക്രമിച്ചു കളിച്ച ബയേണ്‍ ലെവര്‍കൂസനെ പ്രതിരോധത്തിലാക്കി. 19ാം മിനുട്ടില്‍ ബയേണ്‍ വീണ്ടും ലീഡെടുത്തു. അര്‍തുറോ വിദാലിന്റെ കോര്‍ണറില്‍ നിന്ന് ഇത്തവണ ഗോള്‍ നേടിയത് ടോളിസോയായിരുന്നു.
സ്യൂലെയും ടോളിസോയും ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് തുറന്നെടുത്തത്. നിര്‍ഭാഗ്യം കൊണ്ടാണ് പലതും ലക്ഷ്യത്തിലെത്താതെ പോയത്. ലെവര്‍കൂസന്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ബയേണിനെ ഞെട്ടിച്ചെങ്കിലും കരീം ബെല്ലറാബിയുടെ ഷോട്ടുകള്‍ ലക്ഷ്യത്തിലെത്താതെ പോയത് അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലാണ് ലെവന്‍ഡോസ്‌കി ബയേണിന്റെ മൂന്നാം ഗോള്‍ നേടുന്നത്. ചാള്‍സ് അരാണ്‍ഗ്വിസ് ജഴ്‌സിയില്‍ പിടിച്ചുവലിച്ചതിന് ലഭിച്ച പെനാല്‍ട്ടിയാണ് ലെവന്‍ഡോസ്‌കി ലക്ഷ്യത്തിലെത്തിച്ചത്. അദ്മിര്‍ മെഹമ്മദി ഒരു ഗോള്‍ ലെവര്‍കൂസനായി മടക്കിയെങ്കിലും പിന്നീടങ്ങോട്ട് മികവിലേക്കുയരാന്‍ ടീമിനായില്ല.
വമ്പന്‍മാരുടെ മറ്റൊരു പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് എതിരില്ലാത്ത മൂന്നു ഗോളിന് വോള്‍വ്‌സ്ബര്‍ഗിനെ തകര്‍ത്തു. ക്രിസ്റ്റ്യന്‍ പുലിസിച്ച്, ബാര്‍ത്ര, ഔബമേയാങ് എന്നിവര്‍ ബൊറൂസിയക്കായി സ്‌കോര്‍ ചെയ്തു. മറ്റു മത്സരങ്ങളില്‍ ഹാംബര്‍ഗര്‍ എതിരില്ലാത്ത ഒരു ഗോളിന് ഓഗ്‌സ്ബര്‍ഗിനെയും ഹെര്‍ത്ത എതിരില്ലാത്ത രണ്ടു ഗോളിന് സ്റ്റുട്ഗര്‍ട്ടിനെയും ഹോഫന്‍ഹെയിം എതിരില്ലാത്ത ഒരു ഗോളിന് വെര്‍ഡര്‍ബ്രമനെയും ഹന്നോവര്‍ എതിരില്ലാത്ത ഒരു ഗോളിന് മെയ്ന്‍സിനെയും പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."