പൂനൂര്‍ പുഴയിലേക്ക് മലിനജലം: ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നടപടി
പൂനൂര്‍: ടൗണിനെ ദിവസങ്ങളോളം പൊറുതുമുട്ടിച്ച മലിനജലത്തിന്റെ ഉറവിടം കണ്ടെത്തി. ഓടയില്‍ നിന്നുയരുന്ന ദുര്‍ഗന്ധം പ്രദേശത്തുകാര്‍ക്ക് എന്നും ദുരിതമായിരുന്നു. പൂനൂര്‍ സംസ്ഥാനപാതയ്ക്കു സമീപമുള്ള ഓടയില്‍ ആരാണു മാലിന്യമൊഴുക്കുന്നതെന്ന നിശ്ചയമില്ലാത്തതിനാല്‍ പലപ്പോഴും ദുര്‍ഗന്ധം സഹിച്ചുപോരുകയായിരുന്നു.
കറുത്ത നിറത്തിലുള്ള മലിനജലം പൂനൂര്‍ പുഴയിലേക്ക് ഒലിച്ചിറങ്ങുന്നത് കണ്ടിരുന്നുവെങ്കിലും ഡ്രൈനേജ് മൂടിയ സ്ലാബുകള്‍ പൊക്കി പരിശോധന നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ ഇതിന്റെ ഉത്ഭവം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞദിവസം ദേശീയ ആയുര്‍വേദ ഫാര്‍മസിക്കു സമീപം സ്ലാബ് ഉയര്‍ത്തിയപ്പോഴാണ് ഷൈന്‍ ഹോട്ടലിന്റെ പിറകിലുള്ള മാലിന്യടാങ്കില്‍ നിന്നു മലിനജലം ഓടയില്‍ എത്തുന്നതായി കണ്ടെത്തിയത്.
തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും നടത്തിയ വിശദമായ പരിശോധനയില്‍ ഷൈന്‍ ഹോട്ടലിന്റെ മാലിന്യടാങ്കില്‍ നിന്നുള്ള മലിനജലം പ്രത്യേകമായി നിര്‍മിച്ച പൈപ്പിലൂടെ ഓടയിലേക്ക് ഒഴുക്കിവിടുന്നതായി കണ്ടെത്തി.
നിലവില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഷൈന്‍ ഹോട്ടല്‍ അടക്കാനും മലിനജലം പൊതുഓടയിലേക്ക് ഒഴുക്കിവിടാന്‍ നിര്‍മിച്ച സജ്ജീകരണങ്ങള്‍ നീക്കംചെയ്യാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 12500 രൂപ പിഴ ഈടാക്കി.
അതേസമയം ഇന്നലെ നടപടികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനു മതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."