ചിത്രകാരന്മാര്ക്ക് കേരളം നല്ല നാടല്ല: ടി.വി സന്തോഷ്
കോഴിക്കോട്: പൂര്‍ണസമയ ചിത്രകാരന്മാര്ക്ക് കേരളം നല്ല നാടല്ലെന്ന് സമകാലീന ചിത്രകാരന് ടി.വി സന്തോഷ്. പൊതുജനങ്ങളെയും സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരെയും ബാധിക്കുന്ന ഡിസൈന്‍ സംബന്ധമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ അമ്പായത്തോട് അവനിയില്‍ സംഘടിപ്പിച്ച 'ക്രോസിങ് കോണ്ടിനന്റ്സ്-17'ന്റെ ഭാഗമായി നടത്തിയ മീറ്റ് ദ ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നല്ല വര്‍ക്കുകള്‍ ശേഖരിക്കുന്നവരുടെ എണ്ണം നന്നേ കുറവാണ്. അതുകൊണ്ടു തന്നെ ചിത്രകലയില്‍ അര്‍പ്പിതമായി ഒരാള്‍ക്കും കേരളത്തില്‍ നിലനില്ക്കാനാവില്ല. കേരളത്തില്‍ നിന്നുകൊണ്ട് ഒരു ചിത്ര കലാകാരന് വര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റേതെങ്കിലും ഒരു ജോലി കൂടി ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു കേരളത്തില്‍ പല കലാകാരന്മാരും നിലനില്‍ക്കുന്നത് മുംബൈയിലും ദില്ലിയിലുമൊക്കെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടാണ്.
നല്ല ചിത്രങ്ങള്‍ വരക്കുന്നവര്‍ക്കും ശില്പങ്ങള് ഉണ്ടാക്കുന്നവര്‍ക്കും വേണ്ടത്ര പരിഗണന നല്കുന്നുവെന്നു പറയുന്ന കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഒരു പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.
ഓരോ ചിത്രത്തിലും നിറഞ്ഞു നില്ക്കുന്ന തെളിമയ്ക്കും കാഴ്ചയ്ക്കുമപ്പുറം ഒരു വലിയ അധ്വാനത്തിന്റെ കഥ കൂടിയുണ്ട്. അതു തിരിച്ചറിയാന്‍ നാളിതുവരെ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നു കേരളത്തില്‍ കലയുമായി ബന്ധപ്പെട്ട് ശക്തമായ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യം കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കല വളര്‍ന്നിട്ടുള്ളത് കലാകാരന്മാരുടെ സ്വതന്ത്രമായ ചിന്തയിലൂടെയാണെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. ആര്‍ട്ട് ക്യൂറേറ്റര്‍ മനോജ് നായരും ചടങ്ങില്‍ പങ്കെടുത്തു. ക്രോസിങ് കോണ്ടിനന്റ്സ്-17 ന്റെ ഭാഗമായി ആര്‍ക്കിടെക്ട് സിദ്ധാര്‍ഥ് സിങ്ങിന്റെ നേതൃത്വത്തില്‍ 'ഇമേജ്, മീഡിയം, ആക്ടര്‍' വിഷയത്തില്‍ ശില്പശാലയും നടന്നു. അതോടൊപ്പം 'തിരശ്ശീലയ്ക്കു പിന്നിലെ ജീവിതം' വിഷയത്തെ ആസ്പദമാക്കി ചലച്ചിത്ര പ്രവര്‍ത്തകയായ ഷഹീന് മുഹമ്മദ് വിദ്യാര്‍ഥികളുമായി സംവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."