നാദാപുരം വൈദ്യുതി ഓഫിസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു
നാദാപുരം: കല്ലാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നാദാപുരം വൈദ്യുതി ഓഫിസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രവര്‍ത്തന പരിധിയുടെ ദൈര്‍ഘ്യം കാരണം ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിടുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണ് നിലവിലെ ഓഫിസ് സംവിധാനം വിഭജിക്കണമെന്ന ആവശ്യമുയര്‍ന്നത്.
കല്ലാച്ചി മുതല്‍ വാണിമേല്‍, വളയം വില്ലേജുകളിലെ മലയോരം ഉള്‍പ്പെടെയുള്ള 35 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പ്രദേശങ്ങള്‍ നാദാപുരം ഓഫിസിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
മലയോരങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതി തകരാറുകള്‍ പരിഹരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും ഈ ഓഫിസ് സംവിധാനമാണ് ആളുകള്‍ ആശ്രയിക്കുന്നത്.
ജീവനക്കാരുടെ കുറവും കൃത്യമായ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും വൈദ്യുതി വിതരണത്തിന് തടസ്സമാവുകയാണ്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ കരാര്‍ ജോലിക്കാരെ വച്ചാണ് പലപ്പോഴും ജോലികള്‍ ചെയ്തു തീര്‍ക്കുന്നത്.
വര്‍ഷങ്ങളോളം പഴക്കമുള്ള തൂണുകളും കമ്പികളും മാറ്റാത്തതിനാല്‍ ചെറിയ കമ്പുകള്‍ പൊട്ടി വീണാല്‍ പോലും ലൈനില്‍ തകരാറു സംഭവിക്കുന്നത് പതിവാണ്.
വൈദ്യുതി വിതരണത്തിന് ഓഫിസ് പരിധിയില്‍ നൂറോളം ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ട് . 21000 വൈദ്യുതി ഉപഭോക്താക്കളാണ് ഇവയുടെ പരിധിയില്‍ നിന്നും വൈദ്യുതി ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഒന്നരക്കോടിയിലധികം രൂപയാണ് മാസവരുമാനമായി ലഭിക്കുന്നത്. ഗതാഗത സൗകര്യമില്ലാത്ത ആദിവാസി മേഖലയായ കണ്ടിവാതുക്കല്‍, ജില്ലാതിര്‍ത്തിയായ നരിക്കോട്ടുമല എന്നിവിടങ്ങളില്‍ ലൈനിലെ തകരാറുകള്‍ പരിഹരിക്കാന്‍ കല്ലാച്ചിയില്‍ നിന്നു ആളെത്തണം. പലപ്പോഴും ദിവസങ്ങള്‍ കഴിഞ്ഞാണ് തകരാറുകള്‍ പരിഹരിക്കുന്നത്.
അതീവ സുരക്ഷാ കേന്ദ്രമായ ബി.എസ്.എഫ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതും ഇതിന്റെ പരിധിയില്‍ തന്നെയാണ്. വളയം മേഖലയില്‍ വൈദ്യുതി തടസം ഉണ്ടാകുമ്പോള്‍ സുരക്ഷാ മേഖലയായ ബി.എസ്.എഫ് കേന്ദ്രത്തിലും വൈദ്യതി ലഭിക്കാറില്ല.
ദൂരപരിധി കുറച്ചു ജീവനക്കാരുടെ ജോലി ഭാരം കുറക്കാനും നിലവിലെ പ്രവര്‍ത്തന സംവിധാനം കാര്യക്ഷമമാക്കാനും നാദാപുരം ഓഫിസ് വിഭജിച്ചു മറ്റൊരു സെക്ഷന്‍ ഓഫിസ് കൂടി തുടങ്ങണമെന്ന ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."