പിണറായി സര്‍ക്കാര്‍ കൈയേറ്റക്കാരെ സംരക്ഷിക്കുന്നു: എന്‍. വേണു
വടകര: ആലപ്പുഴയില്‍ കായല്‍ കൈയേറി റിസോര്‍ട്ട് പണിത ഗതാഗത മന്ത്രി തോമസ് ചാണ്ടിയെയും കക്കാടംപൊയിലില്‍ നിയമവിരുദ്ധ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ച പി.വി അന്‍വര്‍ എം.എല്‍.എയെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ നിലപാട് ഭരണ കാലാവധി തികയും മുന്‍പ് പൊതുഭൂമി പൂര്‍ണമായും കൊള്ളയടിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പ്രസ്താവനയില്‍ പറഞ്ഞു.
പൊതുഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മാണം നടത്തിയ അധികാര ദുരുപയോഗം മന്ത്രി പദവിക്ക് ചേരുന്നതല്ല. ഇത്തരക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശങ്കാജനകമാണ്.
മൂന്നാര്‍ ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി കൈയേറ്റക്കാര്‍ക്കും കോവളം കൊട്ടാരം ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ കോര്‍പറേറ്റുകള്‍ക്കും കൈയേറാനുള്ള സമീപനമാണ് സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചത്.
ഭൂമാഫിയകളുടെ സംരക്ഷകരായി സര്‍ക്കാര്‍ മാറിയതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
ഭൂമിയും കായലും കൈയേറി റിസോര്‍ട്ട് പണിത മന്ത്രിയും നിയമവിരുദ്ധ പാര്‍ക്ക് പണിത എം.എല്‍.എയും പദവികള്‍ രാജിവെച്ച് നിയമ സംവിധാനത്തിന് കീഴ്‌പ്പെടണമെന്ന് എന്‍.വേണു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."