ലക്ഷ്യം മാലിന്യമുക്തം; മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്റെ മുഖച്ഛായ മാറ്റുന്നു
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്റെ മുഖച്ഛായ മാറ്റുന്നു. പൊലിസിന്റെയും സ്‌പോണ്‍സര്‍മാരുടെയും സഹായത്തോടെ കോര്‍പറേഷനാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് നവീകരിക്കാനൊരുങ്ങുന്നത്. കോര്‍പറേഷനിലെ ആരോഗ്യ വിഭാഗത്തിന്റെയും മരാമത്ത് വിഭാഗത്തിന്റെയും ധനകാര്യ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നവീകരണം.ദിവസേന ആയിരക്കണക്കിനു യാത്രക്കാരാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ വന്നു പോകുന്നത്.
പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്, എറണാകുളം, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും ചില കെ.എസ്.ആര്‍.ടി.സി ബസുകളുമടക്കം 700ലധികം വാഹനങ്ങള്‍ ഇവിടെ നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ബസ് സ്റ്റാന്‍ഡിലില്ലാത്ത സാഹചര്യത്തിലാണ് നവീകരണം. ഇപ്പോള്‍ ശോചനീയാവസ്ഥയിലായ കംഫര്‍ട്ട് സ്റ്റേഷന്‍ പുനര്‍നിര്‍മിക്കും. ഇതിനായി ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കംഫര്‍ട്ട് സ്റ്റേഷനുകളാണ് നിര്‍മിക്കുക. പണം കൊടുത്ത് ഉപയോഗിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ ക്രമീകരണം. തുരുമ്പു പിടിച്ചും സാമൂഹ്യവിരുദ്ധരുടെ അതിക്രമം മൂലവും നശിച്ച ബസ് സ്റ്റാന്‍ഡിലെ കസേരകളെല്ലാം മാറ്റി പുതിയത് സ്ഥാപിക്കും. കസേരകള്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
ഒരു മാതൃകാ ബസ് സ്റ്റാന്‍ഡായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ പൊട്ടിയ ടൈലുകളും ഭൂരിഭാഗവും മാറ്റി പുതിയത് സ്ഥാപിച്ചു കഴിഞ്ഞു. മാവൂര്‍ റോഡില്‍ നിന്ന് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടത്തിന്റെ കോണ്‍ക്രീറ്റ് വര്‍ക്കുകളും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. പുതിയ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ് നവീകരണത്തിന്റെ ആദ്യഘട്ടമായി അനധികൃതമായി പ്രവര്‍ത്തിക്കുന്ന തെരുവുകച്ചവടക്കാരെ കഴിഞ്ഞ ആഴ്ച കോര്‍പറേഷന്‍ ആരോഗ്യ വകുപ്പ് ഒഴിപ്പിച്ചിരുന്നു. രാത്രിയില്‍ ബഹളമുണ്ടാക്കുന്ന സാമൂഹ്യവിരുദ്ധരെയും മദ്യപന്മാരെയും പൊലിസിന്റെ സഹായത്തോടെ നീക്കം ചെയ്യും. ബസ് സ്റ്റാന്‍ഡിലെ അനധികൃത പരസ്യബോര്‍ഡുകളും നീക്കും.
ദിവസവും ബസ് സ്റ്റാന്‍ഡ് ശുചീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. നിലവില്‍ ബസ് സ്റ്റാന്‍ഡില്‍ പെയ്ന്റിങ്ങും ചെറിയ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്. പുതിയ സ്റ്റാന്‍ഡിന്റെ കിഴക്ക് വശത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതോടൊപ്പം മാലിന്യമുക്ത സ്റ്റാന്‍ഡായി മാറ്റാന്‍ ശ്രമമുണ്ടെന്നും കോര്‍പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജ് പറഞ്ഞു. അതോടൊപ്പം ബസ് സ്റ്റാന്‍ഡിലുള്ള ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുകയും ചെയ്യും. നവീകരണത്തിന് സന്നദ്ധരായി പല ഏജന്‍സികളും എത്തിയതായും അവരുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."