രാജാ റോഡരികിലെ വാഹന പാര്‍ക്കിങ് ഗതാഗതത്തിനു തടസമാകുന്നു
നീലേശ്വരം: നീലേശ്വരം രാജാ റോഡരികിലെ വാഹന പാര്‍ക്കിങ് ഗതാഗത തടസത്തിനു കാരണമാകുന്നു. റോഡരികില്‍ വാഹനങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യരുതെന്ന പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് അവഗണിച്ചാണു രാജാ റോഡില്‍ തളിയില്‍ ക്ഷേത്ര റോഡ് മുതല്‍ കൃഷി ഓഫിസ് വരെ റോഡിനിരുവശവും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്.
നഗരത്തില്‍ പാര്‍ക്കിങിനു പ്രത്യേക സൗകര്യമില്ലാത്തതും വിനയാകുന്നു. നഗരസഭയായി ഏഴു വര്‍ഷമായിട്ടും നഗരത്തില്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. റോട്ടറി ക്ലബ് താല്‍ക്കാലികമായി സൗജന്യ പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും മഴ വന്നതോടെ ഇവിടം ചെളിക്കുളമായി. കഴിഞ്ഞ നഗരസഭയുടെ കാലത്ത് നഗരവല്‍ക്കരണവും പാര്‍ക്കിങ് സൗകര്യവും ചര്‍ച്ച ചെയ്യാനായി പ്രത്യേക നഗരസഭാ യോഗം തന്നെ ചേര്‍ന്നിരുന്നു.
രാജാറോഡിനരികിലെ സ്വകാര്യ സ്ഥലങ്ങള്‍ കണ്ടെത്തി പാര്‍ക്കിങ് ഫീസ് ഈടാക്കി അവിടെ പാര്‍ക്ക് ചെയ്യാനുളള സൗകര്യമൊരുക്കുക, നഗരസഭയുടെ തന്നെ സ്ഥലം കണ്ടെത്തി ബഹുനില പാര്‍ക്കിങ് ഷെഡുകള്‍ നിര്‍മിക്കുക എന്നീ തീരുമാനങ്ങളാണ് അന്നു യോഗം കൈക്കൊണ്ടത്. ഇതിന്റെ സാധ്യതകളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നഗരസഭാ എന്‍ജിനിയറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ല. പൊതുവേ ഗതാഗതക്കുരുക്കിലമര്‍ന്ന നഗരം ഓണക്കാലം കൂടി വരുന്നതോടെ കൂടുതല്‍ ദുരിതത്തിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."