വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി; നിരീക്ഷണം ശക്തമാക്കും
കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങളുടെ വിതരണവും ഉപയോഗവും കര്‍ശനമായി നിരീക്ഷിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ.എം സുരേഷ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വ്യാജമദ്യത്തിനെതിരായ ജനകീയ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.
ജില്ലയിലെ ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ അനധികൃതമായി മദ്യവില്‍പന നടക്കുന്നതായും ഇതു കണ്ടെത്തുന്നതിനായി ഇത്തരം സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം എക്‌സൈസ് വിഭാഗം 973 റെയ്ഡുകളും മറ്റു വകുപ്പുകളുമായി സഹകരിച്ച് 19 റെയ്ഡുകളും നടത്തി. ഇതിനെത്തുടര്‍ന്ന് 244 അബ്കാരി കേസുകള്‍, 20 മയക്കുമരുന്ന് കേസുകള്‍, പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 368 കേസുകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യാനായി. വിവിധ കേസുകളിലായി 227 പേറെ അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി. ജനില്‍ കുമാര്‍ അധ്യക്ഷനായി. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി (റൂറല്‍) കെ.എം സജീവ്, കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."