തെരുവുവിളക്ക് നിയന്ത്രണസംവിധാനം പരാജയത്തിലേക്ക്: പൊന്നാനിയിലെ തെരുവുവിളക്കുകള്‍ കണ്ണടച്ചു
പൊന്നാനി: പൊന്നാനി നഗരസഭാ പരിധിയിലെ വൈദ്യുതി ലാഭിക്കാനായി മാസങ്ങള്‍ക്കുമുന്‍പ് കെ.എസ്.ഇ.ബി സ്ഥാപിച്ച തെരുവുവിളക്ക് നിയന്ത്രണ സംവിധാനമാണ് പരാജയത്തില്‍ ആയത്. നഗരത്തില്‍ 40 ബോക്‌സുകള്‍ ആണ് സ്ഥാപിച്ചത്. പ്രത്യേക ടൈമറും മീറ്ററും ഉള്‍പ്പെട്ട സംവിധാനമാണിത്. സന്ധ്യാസമയത്ത് തെളിവുകള്‍ കത്തുകയും രാവിലെ ടൈമറിന്റെ സഹായത്തോടെ ഓഫ് ആകുകയും ചെയ്യുന്ന തരത്തിലാണ് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോള്‍ സംവിധാനം സ്ഥാപിച്ചത്. മാസങ്ങള്‍ക്കകം തന്നെ പകുതിയിലധികം ടൈമറുകളും പ്രവര്‍ത്തനരഹിതമായി. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണമടച്ചാല്‍ മതി എന്ന സൗകര്യമാണ് പുതിയ സംവിധാനം വ്യാപകമായി സ്ഥാപിക്കാന്‍ നഗരസഭയും കെ.എസ്.ഇ.ബിയും ചേര്‍ന്ന് തീരുമാനിച്ചത്. നേരത്തെ തെരുവ് വിളക്ക് കത്തിക്കാന്‍ മാത്രം പൊന്നാനി നഗരസഭയിലെ നാലു ലക്ഷം രൂപയോളമാണ് ചെലവ് വന്നിരുന്നത്. ഇതേത്തുടര്‍ന്നാണ് നഗരസഭയില്‍ ഉടനീളം വൈദ്യുതി ലാഭിക്കാന്‍ നിയന്ത്രണസംവിധാനം നടപ്പിലാക്കിയത്.
ഒരു സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന് 11,000 രൂപയാണ് വില. ഗുജറാത്തിലെ ഒരു കമ്പനിയാണ് സിസ്റ്റം പൊന്നാനിയില്‍ വിതരണം ചെയ്തത്. എന്നാല്‍ ഇതിന് ഗുണനിലവാരം വളരെ കുറവാണെന്നാണ് പരാതി .കേടുവന്ന കണ്‍ട്രോള്‍ സിസ്റ്റം ശരിയാക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് കഴിയാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ടെക്‌നീഷ്യന്മാരെ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. ഇതിനിടെ പുതിയ 20 തെരുവ് വിളക്ക് നിയന്ത്രണസംവിധാനവും ഉടന്‍ എത്തുമെന്നാണ് അറിയുന്നത് .പല കൗണ്‍സിലര്‍മാരും തെരുവ് വിളക്ക് കത്തിക്കാന്‍ ഇപ്പോള്‍ കെ.എസ്.ഇ.ബിയില്‍ ദിനംപ്രതി കയറിയിറങ്ങേണ്ട അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."