നട്ടെല്ലൊടിഞ്ഞ മകനെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താതെ ഉദ്യോഗസ്ഥ പീഡനം: അപേക്ഷ നല്‍കിയ വൃദ്ധ ദമ്പതികളെ ഉദ്യോഗസ്ഥര്‍ വട്ടംകറക്കുന്നു
വള്ളിക്കുന്ന്: റേഷന്‍ കാര്‍ഡില്‍ മകന്റെ പേര് ചേര്‍ക്കാനെത്തിയ രോഗിയും വൃദ്ധകളുമായ ദമ്പതികളെ വട്ടംകറക്കി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പീഡനം. നിത്യരോഗികളായ എഴുപതും 67ഉം വയസുള്ള വള്ളിക്കുന്ന് അരിയല്ലൂര്‍ കൊടക്കാട് പെരിങ്കൊല്ലന്‍കണ്ടി വേലായുധന്‍, ഭാര്യ ശാരദ എന്നിവരെയാണ് തിരൂരങ്ങാടി സിവില്‍ സപ്ലൈ ഓഫിസര്‍ വട്ടംകറക്കുന്നതായി പരാതി.
വീടിന്റെ ടെറസിനു മുകളില്‍നിന്നു വീണ് നട്ടെല്ലൊടിഞ്ഞ മകന്‍ മനോജ് കുമാറിന്റെയും ഭാര്യ പ്രസീതയുടെയും പേര് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താനായി സിവില്‍സപ്ലൈസ് ഓഫിസില്‍ കയറിയിറങ്ങി മടുത്തിരിക്കുകയാണിവര്‍. പഴയ റേഷന്‍ കാര്‍ഡില്‍ മകന്റെയും മരുമകളുടെയും പേരുണ്ടായിരുന്നില്ല. സപ്ലൈ ഓഫിസില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് ഇവര്‍ ആദ്യം താമസിച്ച മംഗലാപുരത്തുനിന്നു റേഷന്‍ ഇന്‍സ്‌പെക്ടറുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു.
ഇതു പ്രകാരം പഴയ റേഷന്‍ കാര്‍ഡിന്റെ അവസാന പേജില്‍ മകന്റെയും മരുമകളുടെയും പേര് ചേര്‍ത്ത് ഓഫിസ് മുദ്ര പതിപ്പിച്ചു നല്‍കുകയും ചെയ്തു. പിന്നീട് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചപ്പോഴാണ് മകന്റെയും ഭാര്യയുടെയും പേര് ഉള്‍പ്പെടാത്തതു ശ്രദ്ധയില്‍പ്പെട്ടത്.
ഇക്കാര്യം സപ്ലൈ ഓഫിസറെ അറിയിച്ചപ്പോള്‍ നേരത്തെ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ഓഫിസില്‍ കാണാനില്ലെന്നും മംഗലാപുരത്തുനിന്നു വീണ്ടും ടി.സി വാങ്ങിവരാനും ആവശ്യപ്പെടുകയായിരുന്നു. വീണ്ടും മംഗലാപുരത്തെത്തി ടി.സി ആവശ്യപ്പെട്ടപ്പോള്‍ ഒരിക്കല്‍ അനുവദിച്ചതാണെന്നും വീണ്ടും അനുവദിക്കാനാകില്ലെന്നും അറിയിച്ചു.
റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതു കാരണം ശരീരത്തിന്റെ എണ്‍പതു ശതമാനം തളര്‍ന്ന മകന്റെ ചികിത്സാ ആനുകൂല്യം നഷ്ടപ്പെടുകയാണെന്ന് ഇവര്‍ പറയുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, എം.എല്‍.എ, ജില്ലാ കളക്ടര്‍, ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."