വൈദ്യുതി ലൈനിനു മുകളില്‍ മുളക്കൂട്ടം വീണ് അപകടം
പള്ളിക്കല്‍: കാവുംപടിയില്‍ മുളക്കൂട്ടവും ഉയരത്തില്‍ നില്‍ക്കുന്ന പൊന്തക്കാടുകളും വൈദ്യുതി ലൈനിനു മുകളിലേക്ക് വീണ് അപകടം. തല്‍സമയം വൈദ്യുതി ഓഫായതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയാണ് സംഭവം. അപകടം മൂലം മുടങ്ങിയ വൈദ്യുതി വൈകിട്ടോടെയാണ് പുന:സ്ഥാപിച്ചത്. ഇത് ജനങ്ങളെ ഏറെ ദുരിതത്തിലാക്കി.
വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഏറെക്കാലമായി അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മുളങ്കാടുകള്‍ കാലവര്‍ഷം ശക്തമായിട്ടും നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറായിരുന്നില്ല. പള്ളിക്കല്‍ ബസാര്‍-കാക്കഞ്ചേരി റോഡില്‍ കാവുംപടിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മുളങ്കൂട്ടങ്ങളും ഉയര്‍ന്നു നില്‍ക്കുന്ന പൊന്തക്കാടുകളുമാണ് കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിന് മുകളിലേക്ക് വീണത്. കാര്യമായ കാറ്റില്ലാത്ത സമയത്താണ് അപകടം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി അധികൃതരെത്തി മുളങ്കൂട്ടവും ഇതിനോട് ചേര്‍ന്ന അപകടകരമായ രീതില്‍ നില്‍ക്കുന്ന മരങ്ങളും കാടുകളും നീക്കം ചെയ്തു. ജെ.സി.ബി ഉപയോഗിച്ച് അടിഭാഗം പിഴുതെടുത്താണ് മുളങ്കൂട്ടം നീക്കം ചെയ്തത്. ഇവിടെ പലപ്പോഴും കാറ്റടിക്കുമ്പോള്‍ മുളകളും മരച്ചില്ലകളും വൈദ്യുതി ലൈനില്‍ തട്ടി റോഡിലേക്ക് തീപ്പൊരികള്‍ വീഴുന്നത് കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ആയിരുന്നു. പലപ്പോഴും അപകടം നടന്ന ശോഷമാണ് കെ.എസ്.ഇ.ബി അധികൃതര്‍ മരങ്ങളും കമ്പുകളും വെട്ടി മാറ്റി സുരക്ഷയൊരുക്കുന്നത്. അപകടങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ വേണ്ട രിതിയില്‍ എടുക്കാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പുളിക്കല്‍ സെക്ഷന്‍ കീഴില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ വൈദ്യുതി കാലുകള്‍ തകര്‍ന്ന നിലയിലാണ്. ഇത്തരത്തിലുള്ള വൈദ്യുതി കാലുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനും അധികൃതര്‍ യയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."