ശമ്പളമില്ല; തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ ജീവനക്കാര്‍ സമരത്തില്‍
കോഴിക്കോട്: മൂന്നു മാസമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ ജീവനക്കാര്‍ ജനറല്‍ മാനേജര്‍ സാജിത്ത് അബ്ബാസിനെ ഖരാവോ ചെയ്തു. ഉപരോധത്തില്‍ പങ്കെടുത്ത ഒമ്പതു പ്രവര്‍ത്തകരെ പന്നിയങ്കര പൊലിസ് അറസ്റ്റു ചെയ്ത് നീക്കി.
ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് ജീവനക്കാര്‍ ഉപരോധം നടത്തിയത്. ശേഷം പന്നിയങ്കര എസ്.ഐ കെ.എം കൃഷ്ണന്റെയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി.
എന്നാല്‍ 12ന് തിരുവനന്തപുരത്ത് നടക്കുന്ന മീറ്റിംഗില്‍ വച്ച് മാത്രമേ ശമ്പളം എന്നു നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചതിനാല്‍ ചര്‍ച്ച അലസി. പിന്നീട് വിവിധ ട്രേഡ് യൂണിയന് നേതാക്കളുടെ യോഗം ചേരുകയും ശമ്പളം നല്കുന്നതു വരെ ഉപരോധം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്ന് മാസമായി ശമ്പളം വൈകുകയാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. പത്താംതിയ്യതി ആയിട്ടും ഈ മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞമാസം 21നാണ് ശമ്പളം നല്‍കിയത്. കഴിഞ്ഞ ഒന്നരയാഴ്ചയായി കമ്പനിയില്‍ പ്രവര്‍ത്തനം നിലച്ച മട്ടാണ്. പ്രവര്‍ത്തനത്തിനാവശ്യമായ പരുത്തി ലഭിക്കാത്തതാണ് പണിമുടങ്ങാന്‍ കാരണം. മഹാരാഷ്ട്രയില്‍ നിന്നാണ് പരുത്തിവരുന്നത്. പണം നല്‍കാത്തതുകാരണമാണ് പരുത്തിയുടെ വരവ് നിലച്ചത്.
വൈദ്യുതി ചാര്ജ്ജിനത്തില് ഏതാണ്ട് രണ്ട് കോടിയോളം രൂപ വൈദ്യുതിവകുപ്പിന് അടയ്ക്കാന്‍ ബാക്കിയാണെന്നും ഇ.എസ്.ഐയും പി.എഫും മുടങ്ങിയിരിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. ഒത്തു തീര്‍പ്പു ചര്‍ച്ചയില്‍ ഐ.എന്‍.ടി.യു.സി ഭാരവാഹികളായ അഡ്വ.എം.രാജന്, കെ.ഉദയകുമാര്‍, കെ.പി സുരേശന്, സി.ഐ.ടി.യു ഭാരവാഹികളായ എം.ജയരാജന്, എം.സുധാകരന്, എം. വൈശാഖ്, ബി.എം.എസ് ഭാരവാഹികളായ നമ്പിടി നാരായണന്, എം.മോഹനന്, കെ.പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു. ശമ്പളം നല്കുന്ന തീയ്യതി അറിയിച്ചാല്‍ മാത്രമേ സമരം പിന്‍വലിക്കൂ എന്ന നിലപാടിലാണ് ജീവനക്കാര്‍. സമരം നാളെയും തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."