കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
മാള: വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടം.
പൊയ്യ ഗ്രാമപഞ്ചായത്തിലെ പുളിപ്പറമ്പ് ഭാഗത്താണ് കൂടുതലായി നാശനഷ്ടങ്ങളുണ്ടായത്. ജാതി, വാഴ, കവുങ്ങ്, മാവ്, പ്ലാവ്, തേക്ക് തുടങ്ങിയവ കടപുഴകിയും കൊമ്പൊടിഞ്ഞും നശിച്ചിട്ടുണ്ട്. പടമാട്ടുമ്മല്‍ സേവ്യറിന്റെ പുരയിടത്തിലെ തൊഴുത്ത് മരം വീണ് തകര്‍ന്നു. എടാട്ടുകാരന്‍ ജിജോയുടെ കോഴിക്കൂട് മരം വീണ് തകര്‍ന്നു. ഇദ്ദേഹത്തിന്റെ കാറിന് മേല്‍ മരം വീണ് കാറിന് കേടുപാടുകള്‍ പറ്റി. എരവത്തൂര്‍ സ്വദേശിയായ പുത്തന്‍പുരക്കല്‍ സുരേന്ദ്രന്‍ പാട്ടത്തിന് ചെയ്തതും കാളിയാടന്‍ ഫ്രാന്‍സിസ്, കുരിശ്ശിങ്കല്‍ തോമസ് എന്നിവരുടേയും കുലച്ചതും ഓണത്തിനായുള്ളതുമായ 500ല്‍പരം നേന്ത്രവാഴകള്‍ ഒടിഞ്ഞ് വീണ് നശിച്ചു. റോഡിലേക്കും മറ്റും വലിയ മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിഞ്ഞതോടെ വൈദ്യുതി ബന്ധം തകരാറിലായി. റോഡിലെ ഗതാഗതവും താറുമാറായി. മാള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും കെ.എസ്.ഇ.ബി ജീവനക്കാരും എത്തി ശ്രമകരമായി തടസങ്ങള്‍ മാറ്റി ഇന്നലെ വൈകുന്നേരത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഗതാഗത തടസവും നീക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."