രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന് കെ. ശങ്കരനാരായണന്‍
കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ ഭീകരവാദവും ചര്‍ച്ച ചെയ്യണമെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ചാത്തുണ്ണി മാസ്റ്റര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സി.എം.പി ജില്ലാ കൗണ്‍സില്‍ കെ.പി കേശവമേനോന്‍ ഹാളില്‍ സംഘടിപ്പിച്ച 'ഭീകരവാദവും സാമ്രാജത്വവും' സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അര്‍ഥതലങ്ങളെക്കുറിച്ചും വ്യാപകമായ ചര്‍ച്ച നടക്കണം. ഭീകരവാദത്തെക്കുറിച്ച് പറയുമ്പോള്‍ ഏതെങ്കിലും ഒരു മതത്തെയോ സമുദായത്തെയോ ഉന്നംവച്ച് വിമര്‍ശിച്ച് പറയരുതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ മാത്രമാണ് ശാശ്വതമെന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് രാഷ്ട്രീയ ഭീകരവാദമാണ്. രാഷ്ട്രീയത്തില്‍ വിട്ടുപോയവര്‍ തിരിച്ചുവരില്ല എന്നും ചെറിയവര്‍ വലുതാവില്ല എന്നും ഒരിടത്തും പറഞ്ഞിട്ടില്ല. ഇന്നത്തെ കാലഘട്ടത്തില്‍ സാമ്രാജത്യത്തെക്കുറിച്ച് പറയാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തിയില്ല. കോണ്‍ഗ്രസ് അല്‍പം ക്ഷീണിച്ചിട്ടുണ്ടെങ്കിലും മൃതസഞ്ജീവനി പകര്‍ന്നു നന്നാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സി.എം.പി ജില്ലാ സെക്രട്ടറി ജി. നാരായണന്‍ കുട്ടി അധ്യക്ഷനായി. ബി.ജെ.പി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, കെ.ഇ എന്‍ കുഞ്ഞഹമ്മദ്, സി.എന്‍ വിജയകൃഷ്ണന്‍,കെ.കെ ചന്ദ്രഹാസന്‍, അഷ്‌റഫ് മണക്കടവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."