അനധികൃത നിര്‍മാണത്തിന് കൂട്ടുനിന്ന് നഗരസഭ: ഗതാഗതക്കുരുക്കൊഴിയാതെ പടിഞ്ഞാറെ നട
ഗുരുവായൂര്‍: നഗരസഭയുടെ അനാസ്ഥയില്‍ ഗുരുവായൂര്‍ പടിഞ്ഞാറനടയില്‍ ഗതാഗതക്കുരുക്കേറുന്നു. റോഡരികില്‍ നില്‍ക്കുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കാതെ അതിനു പുറകിലായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു സ്വകാര്യ വ്യക്തിക്ക് അനുമതി നല്‍കിയതാണ് പടിഞ്ഞാറെനടയിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം.
പുതിയ കെട്ടിടം നിര്‍മിച്ചതിനു ശേഷം പഴയ കെട്ടിടം പൊളിച്ചു നീക്കാം എന്ന വ്യവസ്ഥയില്‍ പഴയ കെട്ടിടത്തിനു പുറകിലായി സ്വകാര്യ വ്യക്തിക്ക് നഗരസഭ കെട്ടിട നിര്‍മാണത്തിനായി പെര്‍മിറ്റ് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പണി പൂര്‍ത്തിയാകുമ്പോഴേക്കും ഉടമ പഴയ കെട്ടിടം നിലനിന്നിരുന്ന സ്ഥലവും കെട്ടിടവും മകന്റെ പേരിലേക്ക് മാറ്റുകയും പുതിയ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നതിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.
പടിഞ്ഞാറെ നടയില്‍ ചാവക്കാട് റോഡിന് മൂലയിലായാണ് പഴയ കെട്ടിടം നില്‍ക്കുന്നത്. ടാറിങിനോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടം അപകടകരമായാണ് നിലനില്‍ക്കുന്നത്. ബസുകള്‍ തിരിഞ്ഞുവരുമ്പോള്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളില്‍ ഇടിച്ച് അപകടമുണ്ടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. മുന്‍സിപ്പല്‍ ആക്ട് പ്രകാരം ഇത്തരം തെരുവുകളിലെ മൂലയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ സെക്രട്ടറിക്ക് അധികാരമുണ്ടായിട്ടും സ്വകാര്യ വ്യക്തിക്കു വേണ്ടി ചട്ടം ലംഘിച്ച് കെട്ടിടം നിര്‍മിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് ഗുരുവായൂര്‍ നഗരസഭ. പഴയ കെട്ടിടത്തിനു പുറകിലായി പണിത പുതിയ കെട്ടിടവും അനധികൃതമായി നിര്‍മിച്ചതാണെന്നും കെട്ടിട നിര്‍മാണ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ ജങ്ഷനില്‍ അപകടകരമായി നില്‍ക്കുന്ന കെട്ടിടം എത്രയും വേഗം പൊളിച്ചു നീക്കിയും റോഡുകളുടെ വീതി വര്‍ധിപ്പിച്ചും പടിഞ്ഞാറെ നടയിലെ ഗതാഗതക്കുരുക്ക് തീര്‍ക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."