ഒരു മാസത്തിനിടെ രണ്ടു കവര്‍ച്ച കൊലപാതകങ്ങള്‍; റിയാദില്‍ വിദേശികള്‍ ആശങ്കയില്‍
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദില്‍ മലയാളികളെ ആശങ്കയിലാഴ്ത്തി കവര്‍ച്ചക്കാരുടെ വിളയാട്ടം. ഒരു മാസത്തിനിടെ രണ്ടു മലയാളികളാണ് കവര്‍ച്ചക്കാരുടെ കത്തിക്കിരയായി കൊല്ലപ്പെട്ടത്.
കൂടാതെ നിരവധിയാളുകള്‍ അക്രമത്തിനിരയാകുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ശനിയാഴ്ച്ച കൊടുവള്ളി സ്വദേശിയായ ബിസിനസുകാരനാണ് അതി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കറുപ്പന്മാരായ ആളുകളാണ് ആക്രമണത്തിന് പിന്നിലെന്നും പുറത്തിറങ്ങുന്ന വേളയില്‍ വിദേശികള്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
മൂന്നാഴ്ച്ച മുന്‍പാണ് പരപ്പനങ്ങാടി സ്വദേശിയായ സിദ്ദീഖ് ഇവിടെ അക്രമികളുടെ കൊലക്കത്തിക്ക് ഇരയായത്. ജൂലൈ 21നു ബഖാല ജീവനക്കാരനായ സിദ്ദീഖ് അതേ കടയില്‍വച്ചുതന്നെ കവര്‍ച്ചക്കാരുടെ അക്രമത്തില്‍ കൊല്ലപ്പെടുകയായിരുന്നു. കടയില്‍ രാവിലെ ഒമ്പതോടെ എത്തിയ രണ്ടു കവര്‍ച്ചക്കാരാണ് ആയുധം കൊണ്ട് ആക്രമിച്ചത്.
കവര്‍ച്ച തടയാനുള്ള ശ്രമത്തിനിടെ ഉണ്ടായ മാരകമായ മുറിവിലൂടെ രക്തംവാര്‍ന്നു മരിക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷം പൊലിസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ പ്രതികളായ രണ്ടു യമന്‍ പൗരന്മാരെ പൊലിസ് പിടികൂടിയിട്ടുണ്ട്.
അതിനടുത്ത സ്ഥലത്തുവച്ചു തന്നെയാണ് ശനിയാഴ്ച്ച കൊടുവള്ളി സ്വദേശിയായ കെ.കെ അബ്ദുല്‍ ഗഫൂര്‍ കവര്‍ച്ചക്കാരുടെ കുത്തേറ്റു മരിച്ചത്. തന്റെ ഫാക്ടറിയിലേക്കാവശ്യമായ കെമിക്കല്‍ വാങ്ങാന്‍ അടുത്തൊരു കടയിലെത്തിയപ്പോഴാണ് മൂന്നംഗ കവര്‍ച്ച സംഘത്തിനെ ആക്രമണം. തലക്കടിച്ചു പിന്നീട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഗഫൂറിന്റെ പക്കല്‍ വിലപിടിപ്പുള്ള വസ്തുക്കളും പണവും ലക്ഷ്യം വെച്ചാണ് അക്രമികള്‍ കൊലപാതകം നടത്തിയത്. കൊലപാതകികളെ കണ്ടെത്താന്‍ ശിഫ പൊലിസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടാതെ, നിരവധിയാളുകള്‍ അക്രമികളുടെ ആക്രമണത്തിന് ഇരയായി രക്ഷപ്പെട്ടിട്ടുമുണ്ടിവിടെ. സാമൂഹിക പ്രവര്‍ത്തകനായ സജി കായംകുളത്തിന് രണ്ടാഴ്ച മുമ്പ് കവര്‍ച്ചക്കാരുടെ കുത്തേറ്റിരുന്നു. വൈകീട്ട് കാറിലിരിക്കുമ്പോള്‍ രണ്ടു കവര്‍ച്ചക്കാര്‍ വളയുകയായിരുന്നു. ചെറുത്തു നില്‍പ്പിനിടെ ഒരാള്‍ കത്തി വീശുകയും തടയുന്നതിനിടെ കൈത്തണ്ടയില്‍ കുത്തേല്‍ക്കുകയുമായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശി ശിഹാബ് രാവിലെ ആറിന് നടക്കാനിറങ്ങിയപ്പോള്‍ അക്രമികളായ മൂന്നു പേരെത്തി പണം ആവശ്യപ്പെട്ട ശേഷം കൈയ്യില്‍ കിട്ടിയതെല്ലാം കൊണ്ട് അക്രമിക്കുകയായിരുന്നു. ഈ ഭാഗത്തെ വിവിധ അക്രമങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന മലയാളികളടക്കമുള്ള വിദേശികള്‍ അധികൃതരെ സമീപിക്കാനൊരുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."