പുതിയ യാചക നിയമനിര്‍മാണം വേണമെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി
ന്യൂഡല്‍ഹി: സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗത്തിന്റെ പുനരധിവാസത്തിനും പുനരേകീകരണത്തിനും പ്രാധാന്യം നല്‍കി ഭിക്ഷാടന നിയമം നിര്‍മ്മിക്കണമെന്ന് കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി.
ഈ വിഷയം പരിഹരിക്കുന്നതിനായി സമഗ്രമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സാമൂഹിക ക്ഷേമ ശാക്തീകരണ മന്ത്രി താവര്‍ ചന്ദ് ഗെലോട്ടിന് മേനകാ ഗാന്ധി കത്തു നല്‍കി.
ഭിക്ഷാടന നിയമം ശിക്ഷാര്‍ഹമാക്കുന്നതിന് പകരം സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗത്തിന്റെ പുനരധിവാസത്തിനും പുനരേകീകരണത്തിനും പ്രാധാന്യം നല്‍കണമെന്നാണ് മേനക ആവശ്യപ്പെട്ടിരിക്കുന്നത്. ഭിക്ഷാടനം നടത്തുന്ന കുട്ടികളെ കുടുംബത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കാത്തതിനാല്‍, കുടുംബത്തെ പുനരധിവസിപ്പിക്കുക, അവരുടെ സാമൂഹ്യ സംരക്ഷണ വലയം വിപുലപ്പെടുത്തുക- എന്നീ കാര്യങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് മേനക കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
2015ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ കരുതല്‍, സംരക്ഷണ) നിയമ പ്രകാരം യാചകരായ കുട്ടികളെ കരുതലും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കുട്ടികളുടെ പുനരധിവാസത്തിനും പുനരേകീകരണത്തിനുമായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
ഒരു കേന്ദ്ര നിയമത്തിന്റെ അഭാവം മൂലം, 1959ലെ ബോംബെ യാചക നിരോധന നിയമമാണ് 1960ല്‍ ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചതെന്നും ഈ നിയമം ഭിക്ഷാടന നയം കുറ്റകരമാക്കിയിരിക്കുകയാണെന്നും മേനക ചൂണ്ടിക്കാട്ടുന്നു. ബോംബെയിലെ യാചനാ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു സംസ്ഥാനങ്ങളിലും നിയമം നിര്‍മ്മിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഈ നിയമങ്ങള്‍ യാചനയുടെ യഥാര്‍ഥ ഘടകങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയമാണെന്നും ഇതു കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുകയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ വ്യവസ്ഥകള്‍ക്ക് എതിരായ ഒരു പഴഞ്ചന്‍ സമീപനമാണ് സ്വീകരിക്കുന്നതെന്നും മേനക ഗാന്ധി തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."