ഗോരഖ്പുര്‍ കൂട്ടക്കുരുതി: കഫീല്‍ ഖാനും രാജീവ് മിശ്രയ്ക്കും ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ഐ.എം.എ
ന്യൂഡല്‍ഹി: ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കളടക്കം മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ ഡോ.കഫീല്‍ ഖാനും പ്രിന്‍സിപ്പല്‍ ഡോ.രാജീവ് മിശ്രയും ചികിത്സാ പിഴവ് ഉണ്ടാക്കിയിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
ഐ.എം.എയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇരുവര്‍ക്കും ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. എന്നാല്‍, ഇവരുടെ ഭാഗത്ത് നിന്ന് ഭരണപരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നു ഐ.എം.എ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭരണപരമായ പിഴവിന് ഡോക്ടര്‍മാര്‍ക്കെതിരായി ഔദ്യോഗിക തലത്തില്‍ അന്വേഷണമാകാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
ആശുപത്രിയിലുണ്ടായ ദുരന്തത്തെ സംബന്ധിച്ച് സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ ശരിയല്ലെന്നാണ് ഐ.എം.എ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഐ.എം.എ വ്യക്തമാക്കുന്നത്.
ദുരന്തം നടന്ന ഓഗസ്റ്റ് 10ന് രാത്രി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചിരുന്നു. ഓക്‌സിജന്‍ വിതരണക്കാരന് ലക്ഷങ്ങളുടെ കുടിശിക നല്‍കാനുണ്ടായതാണ് വിതരണം മുടങ്ങാന്‍ കാരണം. ഓക്‌സിജന്റെ ലഭ്യത കുറവ് ഒരാഴ്ച മുന്‍പ് തന്നെ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നുവെന്നും ഐ.എം.എ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ തീരെ ശുചിത്വമുണ്ടായിരുന്നില്ല. നായകളും എലികളുമെല്ലാം ആശുപത്രി വാര്‍ഡുകളില്‍ യഥേഷ്ടം ഉണ്ടെന്നും മൂന്നംഗ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും ഐ.എം.എ ദേശീയ പ്രസിഡന്റ് അശോക് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. സംഘം ആശുപത്രി സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."