യു.എസ്-ദ.കൊറിയാ സൈനികാഭ്യാസത്തിനെതിരേ ഉ.കൊറിയ
പ്യോങ്‌യാങ്: ഇന്നു തുടങ്ങാനിരിക്കുന്ന യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരേ ഭീഷണിയുമായി ഉത്തര കൊറിയ രംഗത്ത്. നിയന്ത്രിക്കാനാകാത്ത തരത്തിലേക്ക് ആണവയുദ്ധങ്ങളെ നയിക്കുന്നതാണ് ഈ നീക്കമെന്ന് ഉ.കൊറിയ മുന്നറിയിപ്പ് നല്‍കി. സൈനികനീക്കം നടത്തിയാല്‍ അമേരിക്ക യാതൊരുവിധ കരുണയുമില്ലാത്ത ആക്രമണം നേരിടേണ്ടി വരുമെന്നും ഭീഷണിയുണ്ട്.
ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് ഉള്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ എന്ന പേരില്‍ സംയുക്ത സൈനിക അഭ്യാസം ഇന്നു തുടങ്ങാനിരിക്കെയാണ് ഉ.കൊറിയ ശക്തമായ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മണ്‍ ആണ് അമേരിക്കക്ക് മുന്നറിയിപ്പ് സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ഹവായി, ഗുവാം സംസ്ഥാനങ്ങള്‍ മാത്രമല്ല അമേരിക്കയെ തന്നെ പൂര്‍ണമായും ചുട്ടുചാമ്പലാക്കാനുള്ള ശേഷി തങ്ങളുടെ സൈന്യത്തിനുണ്ടെന്നും പത്രം ഭീഷണി മുഴക്കിയിട്ടുണ്ട്.
മാസങ്ങളായി അമേരിക്കയും ഉ.കൊറിയയും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഏതാനും ആഴ്ചകളായി മൂര്‍ധന്യസ്ഥിതിയിലെത്തിയിരിക്കുകയാണ്. അമേരിക്കക്കു കീഴിലുള്ള ദ്വീപ് സംസ്ഥാനമായ ഗുവാമിനെ ലക്ഷ്യമിട്ട് നാല് മിസൈലുകള്‍ വിക്ഷേപിക്കുന്നത് ആലോചനയിലുണ്ടെന്ന് കഴിഞ്ഞയാഴ്ച ഉ.കൊറിയ വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ അടുത്ത നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും പ്രസിഡന്റ് കിം ജോങ് ഉന്‍ മിസൈല്‍ ആക്രമണത്തിന് ഉത്തരവിടുകയെന്ന് അന്ന് റോഡോങ് സിന്‍മണ്‍ അറിയിക്കുകയും ചെയ്തു. യാങ്കികളുടെ മണ്ടത്തരങ്ങളും വിഡ്ഢിത്വങ്ങളും കുറച്ചുകൂടി കിം നിരീക്ഷിക്കുമെന്നായിരുന്നു പത്രത്തില്‍ കുറിപ്പ്.
ഏതുസമയത്തും അമേരിക്കക്കു മേല്‍ ആക്രമണം നടത്താന്‍ സജ്ജമായിരിക്കുകയാണ് കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയെന്ന് ഉ.കൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചടിയുടെ ചെറിയൊരു സൂചന ലഭിച്ചാല്‍ തന്നെ ശക്തമായ നടപടികളിലേക്ക് സൈന്യം നീങ്ങുമെന്നും പത്രം അറിയിച്ചു.
അതേസമയം, പത്തുദിവസം നീണ്ടുനില്‍ക്കുന്ന സംയുക്ത സൈനികാഭ്യാസം നേരത്തെ നിശ്ചയിച്ച പ്രകാരം തിങ്കളാഴ്ച തന്നെ ആരംഭിക്കുമെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും അമേരിക്കന്‍ സൈനിക വക്താവും വൈറ്റ് ഹൗസും അറിയിച്ചു. ഉ.കൊറിയക്കു നേരെ സൈനികതലത്തില്‍ നീങ്ങാനുള്ള നടപടിയുടെ ഭാഗമായാണ് അമേരിക്കയുടെ സംയുക്ത അഭ്യാസമെന്നാണു വിലയിരുത്തപ്പെടുന്നത്. അതേസമയം, വിഷയത്തില്‍ അമേരിക്കയും ദ.കൊറിയയും പ്രതിരോധ സമീപനത്തിലാണുള്ളത്.
ഉ.കൊറിയന്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനും പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും അറിയിച്ചിരുന്നു. സമാധാനപരമായ നയതന്ത്ര സമ്മര്‍ദങ്ങളാണ് ഉ.കൊറിയയെ പിന്തിരിപ്പിക്കാനുള്ള ഉചിതമായ മാര്‍ഗമെന്നായിരുന്നു ടില്ലേഴ്‌സന്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."