ദലിത്, ആദിവാസി പീഡനങ്ങള്‍ക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് ഉപവസിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ദലിത്, ആദിവാസി പീഡനങ്ങള്‍ക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എം.പി സെക്രട്ടേറിയറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും. രാവിലെ 10ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉപവാസം ഉദ്ഘാടനം ചെയ്യും.
എസ്.സി-എസ്.ടി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ പരാജയപ്പെട്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിത് ആദിവാസി പീഡനത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ നിലപാടാണ്. പാവറട്ടി പൊലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എങ്ങണ്ടിയൂരിലെ വിനായകന്റെ കേസില്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് പൊലിസിനെ സഹായിക്കാനാണ്.
പൊലിസ് സേനയില്‍ ദലിത് വിരുദ്ധ മനോഭാവമുണ്ട്. പൊലിസ് മര്‍ദനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മൗനാനുവാദം നല്‍കുന്നുണ്ടെന്നും സുരേഷ് ആരോപിച്ചു.
വിനായകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തുക, കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ നല്‍കുക, ആദിവാസി മേഖലയിലെ പീഡനത്തെ കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."