ലോക മത്സ്യത്തൊഴിലാളി സമ്മേളനം: ഇന്ന് രാജ്യവ്യാപകമായി 'മത്സ്യപ്പിരിവ് '
തിരുവനന്തപുരം: നവംബര്‍ 15 മുതല്‍ 21 വരെ ഡല്‍ഹിയില്‍ നടക്കുന്ന ലോക മത്സ്യത്തൊഴിലാളി സമ്മേളനത്തിന്റെ ചെലവിലേക്കുള്ള ധനസമാഹരണത്തിനായി ഇന്ന് രാജ്യത്തുടനീളം എല്ലാ തീരദേശ ജില്ലകളിലും മത്സ്യപ്പിരിവ് നടക്കും. ഒരു മത്സ്യത്തൊഴിലാളി ഒരു മീന്‍ നല്‍കിയാണ് ഫണ്ട് സ്വരൂപിക്കുന്നത്.
കേരളത്തില്‍ എല്ലാ ജില്ലകളിലെ മത്സ്യഗ്രാമങ്ങളിലും മത്സ്യച്ചന്തകളിലും മത്സ്യപ്പിരിവിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കടല്‍ വന്‍കിട കുത്തകകള്‍ക്കു വിട്ടുകൊടുക്കരുത് എന്ന ആശയം മുന്‍നിര്‍ത്തിയാണ് വേള്‍ഡ് ഫോറം ഓഫ് ഫിഷര്‍ പീപ്പിള്‍സി(ഡബ്ല്യു.എഫ്.എഫ്.പി)ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം ചേരുന്നത്. കാലാവസ്ഥാവ്യതിയാനം മത്സ്യമേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, മത്സ്യസമ്പത്തിന്റെ സംരക്ഷണവും സ്ഥായിയായ മത്സ്യബന്ധന രീതിയും, കടല്‍ത്തീര ശോഷണവും തീരസംരക്ഷണവും, ഉള്‍നാടന്‍ മത്സ്യബന്ധന മേഖല തുടങ്ങിയ വിഷയങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ തനത് സംസ്‌കാരം ഉള്‍ക്കൊള്ളുന്ന കലാവിഷ്‌കാരങ്ങള്‍, ഫിഷറീസ് എക്‌സിബിഷന്‍, ഫിഷ് ഫെസ്റ്റിവെല്‍ എന്നിവയും സംഘടിപ്പിക്കും. ലോക മത്സ്യത്തൊഴിലാളിദിനമായ നവംബര്‍ 21ന് ഡല്‍ഹിയില്‍ മത്സ്യത്തൊഴിലാളികളുടെ റാലിയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."