പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; കേന്ദ്രം പുന:സ്ഥാപിച്ച ആനുകൂല്യങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ പുന:സ്ഥാപിച്ച ആനുകൂല്യങ്ങള്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കാറ്റില്‍ പറത്തിയതിന് പുറമെയാണിത്.
ഇത് വ്യക്തമാക്കിയുള്ള വിവരാവകാശ രേഖയുടെ പകര്‍പ്പ് സുപ്രഭാതത്തിന് ലഭിച്ചു.
2013 ഏപ്രിലിന് മുന്‍പ് സര്‍വിസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് ലഭിക്കുന്ന കേരളാ സര്‍വിസ് ചട്ടം ഭാഗം മൂന്നുപ്രകാരമുള്ള (കെ.എസ്.ആര്‍ ഭാഗം മൂന്ന്) ആനുകൂല്യങ്ങളാണ് പദ്ധതി നടപ്പിലാക്കിയതോടെ ജീവനക്കാര്‍ക്ക് നഷ്ടമായത്. പ്രതിമാസ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, കമ്മ്യൂട്ടേഷന്‍, ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി (ഡി.സി.ആര്‍.ജി) തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതിയിലുള്‍പ്പെട്ട പുതിയ ജീവനക്കാര്‍ക്ക് ലഭിക്കില്ല.
അതേസമയം, പദ്ധതിയുടെ ദോഷഫലങ്ങള്‍ വിശദമായി പഠിച്ചതിനുശേഷം അവയില്‍ ചിലത് പുന:സ്ഥാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാന്‍ ഉത്തരവിറക്കി. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.സി.ആര്‍.ജി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഡി.സി.ആര്‍.ജി പുന:സ്ഥാപിച്ചു നല്‍കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം അറിയിച്ചിട്ടുമുണ്ട്.
എന്നാല്‍, സംസ്ഥാനത്ത് ഈ വിഭാഗം ജീവനക്കാര്‍ക്ക് പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത കണക്കിലെടുത്തു കൊണ്ടുള്ള ഈ തീരുമാനം വലിയൊരു വിഭാഗം ജീവനക്കാര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങളാണ് നഷ്ടപ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയതിന്റെ ചുവടു പിടിച്ചു കൊണ്ടാണ് സമാനമായ രീതിയില്‍ കേരളത്തിലും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത്. ജീവനക്കാര്‍ക്ക് തീര്‍ത്തും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പദ്ധതി പിന്‍വലിക്കുമെന്ന് അധികാരത്തില്‍ വരുന്നതിന് മുന്‍പ് പ്രകടന പത്രികയില്‍ ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പദ്ധതി പിന്‍വലിക്കുന്നതിനായി യാതൊരു നടപടികളും ഈ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. ഇതിനായി കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിപ്പിക്കുമെന്ന പ്രഖ്യാപനവും വെറുതെയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."