സ്വര്‍ണ കള്ളക്കടത്തിന് പുതിയ തന്ത്രങ്ങള്‍; പൊടിച്ചും പരത്തിയും എത്തുന്നു
കൊണ്ടോട്ടി: ഗള്‍ഫില്‍ നിന്ന് വിമാനത്താവളങ്ങള്‍ വഴി നടത്തുന്ന സ്വര്‍ണക്കടത്തിന് പുതുവഴികള്‍. നേരിട്ട് സ്വര്‍ണക്കട്ടികളും ബിസ്‌ക്കറ്റുകളും കൊണ്ടുവരുന്നതിനു പകരും കഷ്ണങ്ങളാക്കി നുറുക്കിയും പൊടിച്ചും പരത്തിയും ലോഹത്തില്‍ കലര്‍ത്തിയും അതിവിദഗ്ധ തന്ത്രങ്ങളിലൂടെയാണ് കള്ളക്കടത്തുകാര്‍ കാരിയര്‍മാര്‍ മുഖേന സ്വര്‍ണം കടത്തുന്നത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ അടുത്തകാലത്തായി പിടിക്കപ്പെട്ട സ്വര്‍ണക്കടത്തിന്റെ രീതികളാണ് കസ്റ്റംസ് ഉന്നതരേയും ഞെട്ടിപ്പിച്ചിരിക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ സ്വര്‍ണക്കട്ടികളും ബിസ്‌ക്കറ്റുകളും ഒളിപ്പിക്കുന്ന രീതിയാണ് ആദ്യം മുതലേ സ്വര്‍ണക്കള്ളക്കടത്ത് സംഘം പ്രയോഗിച്ചിരുന്നത്. ഇത് കൂടുതല്‍ പിടിക്കപ്പെട്ടു തുടങ്ങിയതോടെ ഇലക്ട്രോണിക് യന്ത്രങ്ങളുടെ ഭാഗമായി തോന്നത്തക്ക വിധത്തില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച് കടത്തുന്ന രീതി തുടര്‍ന്നു. പിന്നീടാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തുന്ന രീതി പരീക്ഷിച്ചത്. പ്രത്യേക ജെല്‍ ഉപയോഗിച്ച് ശരീരത്തില്‍ ഒളിപ്പിക്കുന്ന സ്വര്‍ണവുമായി എത്തുന്ന യാത്രക്കാര്‍ നടക്കുമ്പോള്‍ സംശയം തോന്നാതിരിക്കാന്‍ ദുബൈയില്‍ പരിശീലനം നല്‍കുക പോലും ചെയ്യുന്നുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അടുത്തിടെ പിടികൂടിയ സ്വര്‍ണമെല്ലാം ഷീറ്റുകളാക്കി അടിച്ച് പരത്തിയും നുറുങ്ങു കഷ്ണങ്ങളാക്കിയും പൊടിച്ചുമാണ് എത്തുന്നത്.
കരിപ്പൂരില്‍ ഇന്നലെ പിടികൂടിയ 7 ലക്ഷത്തിന്റെ സ്വര്‍ണം ഷീറ്റുകളാക്കി പരത്തിയ രീതിയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പിടികൂടിയ 50 ലക്ഷത്തിന്റെ സ്വര്‍ണം പൊടിച്ച് മിശ്രിതമാക്കി കാല്‍മുട്ടിന് താഴെ തേച്ച് പിടിപ്പിച്ചാണ് കൊണ്ടുവന്നത്. മരുന്നു വെച്ചു കെട്ടിയാതാണെന്ന് തോന്നുന്ന രീതിയിലായിരുന്നു സ്വര്‍ണക്കടത്ത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാലിനു താഴെയുള്ള കെട്ടഴിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. 2.5 കിലോ ഗ്രാം മിശ്രിതത്തില്‍ നിന്ന് 1.5 കിലോ സ്വര്‍ണം വേര്‍തിരിച്ചെടുക്കുകയായിരുന്നു.
കരിപ്പൂരില്‍ ഈ മാസം മൂന്നിന് യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ പോലുള്ള വസ്തുവില്‍ നിന്ന് ഡയറക്ട്‌റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം വേര്‍തിരിച്ചെടുത്തത് 35 ലക്ഷം രൂപയുടെ സ്വര്‍ണമായിരുന്നു. ധരിച്ച ചെരിപ്പിനുള്ളില്‍ കളിമണ്ണിന്റെ രൂപത്തിലുള്ള വസ്തുവില്‍ സ്വര്‍ണം തരികളാക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇത് വേര്‍തിരിച്ചെടുക്കാനും മൂല്യം കണക്കാക്കാനും ഡി.ആര്‍.ഐ സംഘം ഏറെ പണിപ്പെട്ടിരുന്നു. സ്വര്‍ണത്തൊഴിലാളിയുടെ സഹായത്തോടെ വേര്‍തിരിച്ചെടുക്കുകയായിരുന്നു. 24 കാരറ്റുളള 1.23 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഗള്‍ഫില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന് പുതിയ തന്ത്രങ്ങളും വിദ്യകളും മെനഞ്ഞ് കള്ളക്കടത്ത് സംഘങ്ങള്‍ വീണ്ടും വിമാനത്താവളങ്ങളില്‍ പിടിമുറുക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 30 കിലോക്ക് മുകളില്‍ സ്വര്‍ണമാണ് കരിപ്പൂരില്‍ മാത്രം പിടികൂടിയത്. സ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ അന്വേഷണ ഏജന്‍സികളും വിമാനത്താവളങ്ങളില്‍ ജാഗ്രതയിലാണ്.
കരിപ്പൂരില്‍ 28 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 28 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീര്‍(27)എന്ന യാത്രക്കാരനില്‍ നിന്നാണ് നിന്ന് 21 ലക്ഷം വിലവരുന്ന 700 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഇന്നലെ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്.
കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയ അധികൃതര്‍ ബാഗേജ് തുറന്ന് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ബാഗിലുണ്ടായിരുന്ന ജോയ്സ്റ്റിക്കിലും ടാബിനകത്തും ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്.
ഇന്നലെ രാവിലെ ഒമാന്‍ എയര്‍വിമാനത്തില്‍ മസ്‌കത്തില്‍ നിന്ന് കരിപ്പൂരിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അനസ്(27)എന്ന യാത്രക്കാരനില്‍ നിന്നാണ് ഏഴ് ലക്ഷത്തിന്റെ 232 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്.
ബാഗിലെ കളിപ്പാട്ടങ്ങളിലും അലുമിനിയം പാത്രങ്ങള്‍ക്കുള്ളിലും ഷീറ്റുകളാക്കി പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വിധമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ശനിയാഴ്ച 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."