ഭഗവതിനെ പേടിക്കുന്ന കേരളമുഖ്യന്‍
ആര്‍.എസ്.എസിനെ മുഖ്യമന്ത്രി ഇങ്ങനെ ഭയക്കുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. ആര്‍.എസ്.എസിനെയും സംഘപരിവാറിനെയും പ്രതിരോധിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാനസെക്രട്ടറിയും ആമയുടെ സ്വഭാവമാണു കാണിക്കുന്നത്. ആപത്തു മണത്താല്‍ അപ്പോള്‍ തല ഉള്ളിലേയ്ക്കു വലിക്കുന്ന സ്വഭാവമാണ് ആമയ്ക്കുളളത്.
ആര്‍.എസ്.എസിനെ നേരിടുന്ന കാര്യത്തില്‍ മൈതാനപ്രസംഗങ്ങളില്‍ കാണുന്ന വീറും വാശിയുമൊന്നും കാര്യത്തോടടുക്കുമ്പോള്‍ കാണാറില്ല. സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് മൂത്താന്‍തറ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ദേശീയ പാതാകയുയര്‍ത്തിയപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഉറക്കം നടിക്കുകയായിരുന്നു. ചട്ടലംഘനം നടന്നുവെന്നു മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ സമ്മതിച്ചു. പക്ഷേ, എന്തു നടപടിയെടുത്തുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ആര്‍.എസ്.എസ് അധ്യക്ഷനെതിരേ ഒരു നടപടിയും ഈ നിമിഷംവരെ എടുക്കാന്‍ ധൈര്യമുണ്ടായില്ല.
ആര്‍.എസ്.എസ് അധ്യക്ഷന്‍ സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്തുന്നതു തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാമജിസ്‌ട്രേറ്റ് തലേദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറിയിരുന്നു. അതിനു പുല്ലുവിലപോലും കല്‍പിക്കാന്‍ അവര്‍ തയാറായില്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെ വിലക്കു ലംഘിച്ച് ആര്‍.എസ്.എസ് അധ്യക്ഷന്‍ സ്‌കൂളില്‍ ദേശീയപതാകയുയര്‍ത്തി. ഫ്‌ളാഗ് കോഡിന്റെ നഗ്നമായ ലംഘനമാണുണ്ടായത്. എയിഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടതു പ്രധാനാധ്യാപകനോ ജനപ്രതിനിധിയോ ആയിരിക്കണമെന്നു ജില്ലാകലക്റ്റര്‍ സ്‌കൂളിനു നല്‍കിയ നിര്‍ദേശത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ദേശീയപതാക ഉയര്‍ത്തുമ്പോള്‍ നിര്‍ബന്ധമായും ജനഗണമന പാടിയിരിക്കണം.
എന്നാല്‍, ഇവിടെ വന്ദേമാതരമാണു പാടിയത്. ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം ദേശീയപതാകയ്ക്കും ദേശീയഗാനത്തിനും വലിയ പാവനത്വമൊന്നുമില്ല. അതേ നിലപാടാണോ കേരളത്തിലെ സി.പി.എം സര്‍ക്കാരും പിന്തുടരുന്നത്. ആദ്യം വന്ദേ മാതരം പാടി. പിന്നീട് ദേശീയഗാനം പാടിയെന്നാണ് അറിയുന്നത്. മോഹന്‍ഭഗവത് പതാകയുയര്‍ത്തിയതിനു പിന്നാലെ ആ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ വീണ്ടും ദേശീയപതാക ഉയര്‍ത്തിയത്രേ. കേള്‍ക്കുമ്പോള്‍ ഇതെല്ലാം കുട്ടിക്കളിയാണെന്നു തോന്നും. ജനാധിപത്യസര്‍ക്കാരിന്റെ മൂക്കിനു കീഴില്‍ അവരുടെ മൗനാനുവാദത്തോടെ തീവ്ര നിലപാടുകളുളള ഒരു സംഘനയുടെ ദേശീയ അധ്യക്ഷന്‍ കാട്ടിക്കൂട്ടിയ വിക്രിയകളാണ് ഇതൊക്കെ.
ആര്‍ എസ് എസ് ഒരിക്കലും ദേശീയ ഗാനത്തെയോ ദേശീയ പതാകയെയോ അംഗീകരിച്ചിട്ടില്ല. ആര്‍ എസ് എസിന്റെ നാഗ്പൂര്‍ ആസ്ഥാനത്ത് ഒരിക്കലും ദേശീയ പതാകയുയര്‍ത്തിയിട്ടില്ല. ദേശീയ ഗാനം പാടിയിട്ടുമില്ല. കാവിക്കൊടിയാണ് അവരുടെ പതാക. ഇതേ നിലപാടുകള്‍ നിശബ്ദമായി പിന്തുടരുകയാണോ സി.പി.എം എന്നു വിശദമാക്കേണ്ടത് ആ പാര്‍ട്ടിയുടെ അഖിലേന്ത്യാനേതൃത്വമാണ്. ജില്ലാമജിസ്‌ട്രേറ്റിന്റെ ഉത്തരവ് എന്തുകൊണ്ടു പാലിക്കപ്പെട്ടില്ല.
ചട്ടം ലംഘിച്ചു ദേശീയപതാകയുയര്‍ത്തി അതിനെ അവഹേളിച്ച മോഹന്‍ഭഗവതിനെതിരെയും അദ്ദേഹത്തെ അതിനു സഹായിച്ചു സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും എന്തുകൊണ്ടു നിയമനടപടികള്‍ ഉണ്ടായില്ല. ഈ ചോദ്യത്തിനു മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ പറ്റൂ.
അപ്പോഴാണു ഞാന്‍ നേരത്തേ പറഞ്ഞ ആമയുടെ ഉദാഹരണം ഇവിടെ വീണ്ടും ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്. സംഘപരിവാര്‍ ദൂരത്തുനില്‍ക്കുമ്പോള്‍ അവര്‍ക്കെതിരേ മൈതാനപ്രസംഗം നടത്തും. എന്നാല്‍, ആ ഭീഷണി അടുത്തെത്തുമ്പോള്‍ തല പതിയെ അകത്തേയ്ക്കു വലിച്ചു നിശ്ചലമാകും. ഈ ആള്‍ക്കാരാണു സംഘപരിവാര്‍ ഫാസിസിത്തിനെതിരേ അഖിലേന്ത്യാതലത്തില്‍ പ്രതിരോധിക്കുമെന്നു വീമ്പുപറയുന്നത്. കഷ്ടമെന്നേ പറയാനുള്ളൂ.
മോഹന്‍ഭാഗവതിനും ചട്ടംലംഘിച്ചു പതാകയുയര്‍ത്താന്‍ അദ്ദേഹത്തെ സഹായിച്ച സ്‌കൂള്‍ അധികൃതര്‍ക്കും എതിരേ എന്തു നടപടിയെടുക്കണമെന്നു സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോടു വിശദീകരിക്കണം. അല്ലങ്കില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ആര്‍.എസ്.എസിനെ പേടിയാണെന്നതു സത്യമാണെന്നു ജനങ്ങള്‍ വിശ്വസിക്കും. പേടിച്ചുപേടിച്ച് ആരെയും പ്രതിരോധിക്കാന്‍ കഴിയില്ല. അതല്ല കേവല രാഷ്ട്രീയനേട്ടത്തിനുവേണ്ടിയാണു ഫാസിസത്തെ തലോടുന്നതെങ്കില്‍ അതിനു കനത്തവിലതന്നെ സി.പി.എമ്മും പിണറായിയും നല്‍കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."