രാഷ്ട്രീയാധാര്‍മികതക്ക് ആക്കം കൂട്ടുന്ന കേരള സര്‍ക്കാര്‍
ജനാധിപത്യ മതേതര മൂല്യങ്ങള്‍ കാറ്റില്‍ പറത്തി രാഷ്ട്രീയാധാര്‍മികത വ്യാപകമാക്കിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. ഈ വസ്തുതയിലേക്കാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വിരല്‍ ചൂണ്ടിയത്. രാഷട്രീയാധാര്‍മികത രാജ്യത്ത് അന്യംനിന്നുപോയത് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന ഭരണകൂടങ്ങളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആദായനികുതി വകുപ്പിനെക്കൊണ്ട് റെയ്ഡ് നടത്തിയും സി.ബി.ഐയെക്കൊണ്ട് കേസ് എടുപ്പിച്ചും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മണിപ്പൂരിലും ഗോവയിലും 2 മാസം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് തെരഞ്ഞെടുക്കപ്പെട്ടിട്ടും പിന്‍വാതിലിലൂടെ ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയായിരുന്നു ബി.ജെ.പി. ത്രിപുര നിയമസഭയുടെ പടിവാതില്‍ വരെ കാണാന്‍ കഴിയാതിരുന്ന ബി.ജെ.പി മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ ചാക്കിട്ട് പിടിച്ച് അവിടെ പ്രതിപക്ഷ കക്ഷിയായി.
ജനാധിപത്യം പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിപൂര്‍വവും സുതാര്യവുമായിരിക്കണം. ഇന്ത്യയില്‍ ഇത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കോടീശ്വരന്മാരുടെ ബാഹുല്യമാണ് ഇന്നു ഇരുസഭകളിലും. പണസ്വാധീനത്താലാണ് ഇവര്‍ നിയമനിര്‍മാണ സഭകളില്‍ കയറിക്കൂടിയത്. സ്വാഭാവികമായും ഇവരില്‍ നിന്നു പട്ടിണിപ്പാവങ്ങള്‍ക്കനുകൂലമായ നിയമനിര്‍മാണങ്ങള്‍ ഉണ്ടാവുകയില്ല. കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ബി.ജെ.പി അവരുടെ സംഭാവനകളാലാണ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കോടികള്‍ കോര്‍പ്പറേറ്റുകളില്‍നിന്നു സംഘടിപ്പിച്ചത് ബി.ജെ.പിയാണ്. ഇവരുടെ കൈകളില്‍ ഇന്ത്യയുടെ മഹത്തായ പാരമ്പര്യം ഒരിക്കലും സംരംക്ഷിക്കപ്പെടുകയില്ല. ബിഹാറിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയ രാഷ്ട്രീയ ചൂതാട്ടം സമകാലീന രാഷ്ട്രീയ കുതിര കച്ചവടങ്ങളെയെല്ലാം വെല്ലുന്നതായിരുന്നു. ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി പ്രസാദിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചായിരുന്നു ബി.ജെ.പി മുന്നണിയിലേക്ക് തിരിച്ചുവന്നത്. മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ട ഈ അധികാരമോഹിക്ക് ലാലു പ്രസാദിനോടൊപ്പം ചേരാന്‍ അദ്ദേഹത്തിന്റെ കാലിത്തീറ്റ കുംഭകോണം വിലങ്ങുതടിയായില്ല.
ഗുജറാത്തില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹ്്മദ് പട്ടേലിനെ തോല്‍പ്പിക്കാന്‍ എല്ലാ രാഷ്ട്രീയ സദാചാരങ്ങളെയും വലിച്ചെറിഞ്ഞു ബി.ജെ.പി ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിച്ചു ശേഷിച്ചവരെ നിലനിര്‍ത്താന്‍ അവരെയും കൊണ്ട് കര്‍ണാടകയിലേക്ക് രക്ഷപ്പെടേണ്ടി വന്നു. കോണ്‍ഗ്രസിനു നമ്മുടെ മഹത്തായ ജനാധിപത്യ സംവിധാനത്തിന്റെ തകര്‍ച്ചയാണ് ഇതെല്ലാം കാണിക്കുന്നത്.
ഇതിനോട് സമം നില്‍ക്കുന്നു സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷത്തിന്റെ പല നിലപാടുകളും. പൊമ്പിളൈ ഒരു മൈ സമരത്തിലും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തിലും ലോഅക്കാദമി സമരത്തിലും പുതുവൈപ്പിനിലെ എല്‍പിജി പ്ലാന്റിനെതിരേ തദ്ദേശവാസികള്‍ നടത്തിയ സമരത്തിലും തികച്ചും ജനാധിപത്യവിരുദ്ധവും ഒരു തൊഴിലാളി സര്‍ക്കാരിന് ചേരാത്ത വിധമുള്ള നടപടികളായിരുന്നു പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. പണ്ടൊക്കെ ഇത്തരം നിലപാടുകള്‍ സി.പി.എം മുഖ്യമന്ത്രിമാരില്‍നിന്നുണ്ടാകുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറിമാര്‍ ഇടപെടുമായിരുന്നു.
എന്നാല്‍, കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാരിന്റെ എല്ലാ ജനവിരുദ്ധ നടപടികളെയും പിന്തുണക്കുകയാണ്. മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എക്കും മുഖ്യമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റ് കോടിയേരിയും ശരിവച്ചിരിക്കുന്നു. കൈയേറ്റക്കാരുടെ വാദമുഖങ്ങള്‍ അപ്പടി സ്വീകരിച്ച് അവര്‍ക്ക് നല്ല സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനല്ല കേരളം ഇടതുപക്ഷ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.
ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തിട്ടും ബാര്‍കോഴ അഴിമതിയുടെയും സോളാര്‍ അഴിമതിയുടെയും പേരില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തിരസ്‌കരിച്ച ചരിത്രം മൂന്നാറിലെ ഭൂമാഫിയയോടും കുട്ടനാട്ടിലെ മന്ത്രിയോടും നിലമ്പൂരിലെ എം.എല്‍.എയോടും കാണിച്ചുകൊണ്ടിരിക്കുന്ന ദാസ്യ പ്രവര്‍ത്തിക്കിടയില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."