ഓണാഘോഷം: എക്‌സൈസ് വകുപ്പ് നടപടി ഊര്‍ജിതമാക്കുന്നു
നിലമ്പൂര്‍: ഓണാഘോഷങ്ങള്‍ അടുത്തതോടെ വ്യാജമദ്യത്തിന്റെ ഒഴുക്കു തടയുന്നതിനായി കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ് രംഗത്ത്. ഇതിനായി അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷനറുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലുള്‍പ്പെട്ടവരെ പ്രത്യേക നിരീക്ഷണത്തിലാക്കി. അതിര്‍ത്തിയില്‍ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ വാറ്റ് തടയുന്നതിനായി വനംവകുപ്പുമായി ചേര്‍ന്നാണ് പരിശോധനകള്‍ നടത്തുന്നത്.
നാടുകാണി ചുരം ഭാഗത്ത് ദേവാല ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പൊലിസുമായി ചേര്‍ന്ന് സംയുക്ത വാഹന പരിശോധനയടക്കം ചെയ്യുന്നുണ്ട്. ചാലിയാര്‍, കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലെ വനമേഖലകളില്‍ വ്യാജവാറ്റിനു സാധ്യതയുള്ളതിനാല്‍ പരിശോധനകള്‍ നടത്തും.
അനധികൃത മദ്യക്കടത്തോ വ്യാജവാറ്റോ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരേയോ കണ്‍ട്രോള്‍ റൂമിലോ അറിയിക്കേണ്ടതാണെന്ന് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ടി.സജിമോന്‍ പറഞ്ഞു. വിവരങ്ങള്‍ 04832734886, 04931224334 എന്നീ നമ്പറുകളില്‍ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."