മുഖ്യമന്ത്രിയെ വിസ്മയിപ്പിച്ച് അഞ്ചാംക്ലാസിലെ ചിത്രപ്രതിഭ
വടകര: മാഹി മലയാള കലാഗ്രാമം 22-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു തികച്ചും വ്യത്യസ്തമായ സമ്മാനവുമായാണ് കല്ലാമല യു.പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അബാന്‍ ശാമില്‍ എത്തിയത്. സ്വന്തം കൈകള്‍ കൊണ്ടു ജലച്ഛായത്തില്‍ രചിച്ച പിണറായിയുടെ ജീവസുറ്റ ചിത്രമാണ് ശാമില്‍ മുഖ്യമന്ത്രിക്കു സമ്മാനിച്ചത്. കുട്ടിയുടെ രചനാവൈഭവം മുഖ്യമന്ത്രിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും അത്ഭുതമായി.
ഉപജില്ലാ, ജില്ലാ-സംസ്ഥാനതലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ പ്രതിഭയാണ് അബാന്‍ ശാമില്‍. 2015ല്‍ ഒഡീസിയ വൈ.എം.സി.എ ചിത്രരചനാ മത്സരത്തിലും 2016ലെ മാതൃഭൂമി വി.കെ.സി നന്മ ചിത്രരചനാ മത്സരത്തിലും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഈ കുരുന്നുപ്രതിഭ. 2014ല്‍ എഫാസ് വടകര നടത്തിയ അഖില കേരള ചിത്രരചനാ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു. ചെറുപ്പംമുതല്‍ ചിത്രകല അഭ്യസിക്കുന്ന ശാമിലിന്റെ ആദ്യഗുരു പ്രശസ്ത ചിത്രകാരനായ മധു മടപ്പള്ളിയാണ്. തുടര്‍ന്ന് തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചിത്രകല അഭ്യസിച്ചു. ഇപ്പോള്‍ മാഹി മലയാള കലാഗ്രാമത്തിലാണു ചിത്രകല പഠിക്കുന്നത്.
പഠനത്തിലും കഥാരചനയിലും കഴിവുതെളിയിച്ച അബാന്‍ ശാമില്‍ കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ്.എസ് ജേതാവാണ്. അഴിയൂര്‍ ജെ.എം.ജെ.ബി.എസ് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കരുവോത്തുതാഴ അബ്ദുല്‍ സലാമിന്റെയും കല്ലാമല യു.പി സ്‌കൂള്‍ അധ്യാപിക ഷെറീനയുടെയും മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."