ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് ടൗണിനടുത്ത് കൊപ്പം ബിവറേജസ് ഔട്ട്‌ലറ്റ് ജീവനക്കാരനെ ആക്രമിച്ച് പണം കവര്‍ച്ച ചെയ്ത കേസ്സില്‍ ഒരാളെ ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റു ചെയ്തു. പാലക്കാട്, പറക്കുന്നം, വിദ്യുത് നഗര്‍ സ്വദേശി ബാപ്പു എന്ന സൈഫുദ്ദീനെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
ഈ മാസം 15ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈഫുദ്ദീനും സുഹൃത്തുക്കളും രാത്രി മദ്യം വാങ്ങാന്‍ ചെന്ന സമയം നല്ല തിരക്കുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ക്യൂ നില്‍ക്കാതെ ഇടിച്ചു കയറി മദ്യം വാങ്ങാന്‍ ശ്രമിച്ചത് സെയില്‍സ്മാനായ മലമ്പുഴ, കടുക്കാംകുന്നം സ്വദേശി ഗിരീഷ് ചോദ്യം ചെയ്തു. ഇതിലുണ്ടായ ദേഷ്യത്തില്‍ പ്രതികള്‍ ഗിരീഷിനെ മര്‍ദിക്കുകയും ബിയര്‍ കുപ്പി കൊണ്ട് തലയടിച്ച് പൊട്ടിക്കുകയും കാഷ് കൗണ്ടറില്‍ നിന്നും 60,000 ഓളം രൂപയും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.
ലോറി ഡ്രൈവറായ സൈഫുദീന്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിക്ടോറിയ കോളജ് പരിസരത്തു നിന്നും ഇന്നലെ രാത്രി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ടൗണ്‍ നോര്‍ത്ത് സി.ഐ. ശിവശങ്കരന്റെ നിര്‍ദേശ പ്രകാരം എസ്.ഐ രഞ്ജിത്, പുരുഷോത്തമന്‍ പിള്ള, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കിഷോര്‍, സുനില്‍, അഹമ്മദ് കബീര്‍, മനീഷ്, രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."