വിവാഹനാടകം നടത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേരെ കൂടി പിടികൂടി
മണ്ണാര്‍ക്കാട്: വിവാഹ നാടകം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ രണ്ടുപേരെ കൂടി പൊലിസ് പിടികൂടി. എടത്തനാട്ടുകര സ്വദേശി അബ്ദുല്‍ ഗഫൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നേരത്തെ നാലുപ്രതികള്‍ പൊലിസ് വലയിലായിരുന്നു.
കര്‍ണാടക കൊടുക് മടിക്കേരി സ്വദേശി അബ്ദുറഹിമാന്‍ എന്ന റഹിമാന്‍ (48), മഞ്ചേരി പട്ടരുകുളം സ്വദേശി മുഹമ്മദ് യൂനസ് (43) എന്നിവരെയാണ് ഇന്നലെ നാട്ടുകല്‍ പൊലിസ് പിടികൂടിയത്. നാട്ടുകല്‍ എസ്.ഐ മോഹനകുമാര്‍, സി.പി.ഒമാരായ സഹദ്, ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം ആറായി.
സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നേരത്തെ കര്‍ണാടക കൊടുക് കുഷാല്‍ നഗറില്‍ ഫായിസ് എന്ന മുഹമ്മദ് സാദിഖ് (30), വിവാഹ ദല്ലാള്‍ മണ്ണാര്‍ക്കാട് കൈതച്ചിറ സ്വദേശി എ.കെ അബ്ദുറഹിമാന്‍ (44), വയനാട് സ്വദേശികളായ തരുവണ സ്വദേശി അബൂബക്കര്‍ (52), മാനന്തവാടി കഞ്ഞിയാരം പടിഞ്ഞാറെകര വീട്ടില്‍ ജോര്‍ജ് (55) എന്നിവരെ പൊലിസ് പിടികൂടിയിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി ഇടനിലക്കാര്‍ മുഖാന്തിരം മൈസൂരിലേക്ക് കൊണ്ടുപോയി കല്ല്യാണം കഴിപ്പിച്ച് രാത്രി കിടപ്പറ രംഗം വീഡിയോയില്‍ പകര്‍ത്തി. പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണവും തട്ടുന്ന സംഘമാണിതെന്ന് പൊലിസ് നേരത്തെ പറഞ്ഞിരുന്നു.
നാട്ടുകാരായ വിവാഹ ബ്രോക്കര്‍മാരുമായി ബന്ധപ്പെട്ട് സമ്പന്നരായ പുരുഷന്‍മാരെ കണ്ടെത്തി വിവാഹത്തിനുളള ഒത്താശ ചെയ്ത് കൊടുക്കുകയും, വിവാഹത്തിന് തയ്യാറുള്ളവര്‍ക്ക് തട്ടിപ്പ് സംഘാംഗമായ യുവതിയെ കാണിച്ച് കൊടുത്ത് വിവാഹം ഉറപ്പിക്കുകയാണ് പതിവ്.
ഇടനിലക്കാരായി നിന്ന് രക്ഷിതാക്കളായി ചമഞ്ഞ് വിവാഹത്തിന് വേണ്ട ഒത്താശകള്‍ ചെയ്ത് കൊടുക്കുകയും സംഘാംഗങ്ങള്‍ വാടകക്ക് എടുത്ത വീട്ടില്‍ ദമ്പതികളെ താമസിക്കാന്‍ അനുവദിക്കുകയും, തുടര്‍ന്ന് രഹസ്യമായി കിടപ്പറ രംഗങ്ങളുടെ വീഡിയൊ ചിത്രീകരിച്ചും നഗ്ന ഫോട്ടോകളെടുത്ത്, ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പ് നടത്തുന്നത്.
ഇത്തരത്തില്‍ എടത്തനാട്ടുകര സ്വദേശിയില്‍ നിന്ന് നാലു ലക്ഷം തട്ടിയെടുത്തിരുന്നുവെന്നാണ് പരാതി.
വിവാഹത്തിന് ശേഷം വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടലും ഇവരുടെ പദ്ധതിയാണെന്ന് പൊലിസ് നേരത്തെ വ്യക്തിമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."