പൊലിസ് ക്വാര്‍ട്ടേഴ്‌സുകള്‍ താമസയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ ഈ കെട്ടിടങ്ങള്‍ എന്തിനു വച്ചതാണു സര്‍?
വെള്ളറട: സര്‍ക്കാര്‍ വക പൊലിസ് ക്വാര്‍ട്ടേഴ്‌സുണ്ട്, പക്ഷെ താമസിക്കാനാവില്ല എന്നുമാത്രം. വെള്ളറട പൊലിസ് സ്റ്റേഷനിലെ പൊലിസ് കുടുംബങ്ങള്‍ക്കുവേണ്ടി കാലങ്ങള്‍ക്കുമുമ്പ് പണിത 18 കെട്ടിടങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ തകര്‍ന്നിരിക്കുകായാണ്. ഈ കെട്ടിടങ്ങളില്‍ 36 കുടുംബങ്ങള്‍ക്കു താമസിക്കാം. വെള്ളവും വെളിച്ചവും സുരക്ഷിതവും തുടക്കത്തില്‍ മാത്രം. പ്രവര്‍ത്തനം ആരംഭിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ വാര്‍പ്പ് കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ മഴയില്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. വൈകാതെ പൈപ്പുകള്‍ പൊട്ടി കുടിവെള്ള വിതരണവും നിലച്ചു. ഉടന്‍തന്നെ വൈദ്യുതി ലൈനുകളും പണിമുടക്കി. പിന്നെ ഒട്ടും വൈകാതെ പൊലിസ് കുടുംബങ്ങള്‍ വന്നതുപോലെ മടങ്ങുകയായിരുന്നു.
കാലങ്ങളോളം വെള്ളറട സ്റ്റേഷനിലെ പൊലിസുകാരില്‍ നിന്നും സര്‍ക്കാര്‍ വാടക ഈടാക്കിയിരുന്നു. എന്നാല്‍ താമസത്തിനുവേണ്ടതായ സൗകര്യങ്ങളൊരുക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായില്ല. ഇതിന്റെ ഫലമായി ക്വാര്‍ട്ടേഴ്‌സ് കെട്ടിടങ്ങള്‍ പൂര്‍ണമായും കെട്ടിയടയ്ക്കപ്പെട്ടു. വൈകാതെ പൈപ്പ് ടാപ്പുകള്‍, ബള്‍ബുകള്‍, കതക്, ജനാല, വീട്ടുപകരണങ്ങള്‍ എന്നിവ ആവശ്യക്കാര്‍ കൈക്കലാക്കി. അതോടെ വെള്ളറട പൊലിസ് വാസസ്ഥാനങ്ങള്‍ ഇഴജന്തുക്കളും സാമൂഹിക വിരുദ്ധരും കൈയടക്കി. മുറികള്‍ക്കുള്ളില്‍ മഴവെള്ളവും ചുമരുകളില്‍ ആല്‍മരങ്ങളും പുല്ലും കാട്ടുചെടികളും സുഖമായി വാഴുന്നു. കൂട്ടിന് ഒരു മദ്യപാനിയുടെ ആത്മാവുമുണ്ട്. മദ്യപിച്ച് അബോധാവസ്ഥയിലും തുടര്‍ന്ന് മരണത്തിനും കീഴടങ്ങിയ ആളിന്റെ ശരീരത്തില്‍ ദുര്‍ഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാര്‍ അറിയുന്നത്. ആഭ്യന്തരവകുപ്പിന്റെ ഈ കെട്ടിടങ്ങള്‍ നീക്കംചെയ്ത് ഒരു സിവില്‍സ്റ്റേഷന്‍ പണിതാല്‍ അതു നാടിന്റെ വന്‍ വികസനത്തിനും വഴിതെളിക്കുമെന്നാണ് നാട്ടുകാരുടെ വീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."