പ്രമാണിമാരുടെ മുന്നില്‍ നിയമം നട്ടെല്ലു വളയ്ക്കുന്നത് ഭൂഷണമല്ല: പന്ന്യന്‍ രവീന്ദ്രന്‍
തിരുവനന്തപുരം: പ്രമാണിമാരുടെ മുന്നില്‍ നിയമം നട്ടെല്ല് വളയ്ക്കുന്നത് ഭൂഷണമല്ലെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ഖഗം മാസിക ഏര്‍പ്പെടുത്തിയ നിത്യചൈതന്യയതി പുരസ്‌കാരം അന്‍സാര്‍ വര്‍ണനക്കും സ്വാമി വിവേകാനന്ദന്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം എച്ച്. പീരുമുഹമ്മദിനും നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹചര്യങ്ങളില്‍ ശക്തമായി പ്രതികരിക്കേണ്ടവരാണ് കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും. നിര്‍ഭാഗ്യവശാല്‍ പുതിയ കാലത്തെ കവികള്‍ക്ക് ജീവിതവുമായുള്ള ബന്ധം നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ സമൂഹത്തില്‍ ശക്തമായി ഇടപെട്ടിരുന്ന കാലത്ത് ഭാവനാസമ്പന്നമായ സൃഷ്ടികളാണ് ഉണ്ടായത്. അതിന് ഉദാഹരണമാണ് പി ഭാസ്‌കരന്‍, ഒ.എന്‍.വി, വയലാര്‍ തുടങ്ങിയവരുടെ രചനകള്‍. എന്നാലിപ്പോള്‍ എഴുത്തുകാര്‍ സാമൂഹ്യ ജീവിതവുമായി ബന്ധമില്ലാത്ത പൂമരം കൊണ്ട് കപ്പലുണ്ടാക്കുകയാണെന്നും പന്ന്യന്‍ പറഞ്ഞു. കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍, ഫിര്‍ദൗസ് കായല്‍പുറം, ഷാമില ഷൂജ, പുലിപ്പാറ മുഹമ്മദ്, ഇ.പി ജലാലുദീന്‍ മൗലവി, സുലേഖ കുറുപ്പ്, അജിത് പനവിള, അന്‍സാര്‍ വര്‍ണന, വിഷ്ണു.എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. കവി സമ്മേളനത്തില്‍ മുപ്പതോളം കവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."