'നമുക്ക് ജാതിയില്ലാ' വിളംബര സ്മാരക മ്യൂസിയത്തിന് ശിവഗിരിയില്‍ തറക്കല്ലിട്ടു
വര്‍ക്കല: ശ്രീനാരായണ ഗുരുവിനെ ജാതിയുടെ ചട്ടക്കൂടില്‍ ഒതുക്കാനുള്ള ശ്രമം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'നമുക്ക് ജാതിയില്ലാ' വിളംബര സ്മാരക മ്യൂസിയത്തിന് വര്‍ക്കല ശിവഗിരിയില്‍ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാതി ചോദിക്കരുതെന്ന് പറഞ്ഞ ഗുരുവിന്റെ വാക്കിനെ ധിക്കരിച്ച് ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്ന് ചിലര്‍ ചോദിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ഗുരുവുമായുള്ള ദൂരം നമുക്ക് തന്നെ അളക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവിനെ ധിക്കാരപൂര്‍വം തിരുത്തുന്ന ഇത്തരക്കാരുടെ ശരി എവിടെ നില്‍ക്കുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്ത ഗുരുവിന്റെ നിലപാടുകളെ വക്രീകരിക്കുന്നവര്‍ക്ക് താക്കീതായിരിക്കണം നമുക്ക് ജാതിയില്ലാ വിളബരം എന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരാധന നടത്താനുള്ള അവസരം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. കാവി വസ്ത്രം ധരിച്ച് അധികാരം പിടിച്ചെടുക്കാന്‍ ചില സന്യാസിമാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ ശിവഗിരിയിലെ സന്യാസിമാര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദസ്വാമി സ്വാഗതം പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. വി. ജോയി എം.എല്‍.എ, വര്‍ക്കല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."