നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ശക്തമായി നടപ്പിലാക്കണമെന്ന്
കൊല്ലം: ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ 2008നു മുന്‍പ് നികത്തിയതെന്നതിന്റെ പേരില്‍ നെല്‍വയലുകള്‍ വ്യാപകമായി നികത്തുന്നത് തടയാന്‍ കേരള സര്‍ക്കാര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ശക്തമായി നടപ്പിലാക്കണമെന്ന് പരിസ്ഥിതി മനുഷ്യാവകാശ സംരക്ഷണ സമിതി കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമിതി പ്രസിഡന്റ് വി.കെ സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ കൊല്ലം ലൈബ്രറിയില്‍ കൂടിയ പൊതുസമ്മേളനം യുവ കര്‍ഷകന്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
കൃഷിമന്ത്രിക്കും റവന്യൂ മന്ത്രിക്കും ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അടിയന്തര നിവേദനം നല്‍കാന്‍ യോഗം തീരുമാനിച്ചു. 2008നു മുന്‍പ് നികത്തിയ വയലില്‍ വീട് വയ്ക്കാനായി ഗ്രാമത്തില്‍ 10ഉം നഗരത്തില്‍ അഞ്ചും സെന്റിന് ഗവണ്‍മെന്റ് സര്‍ക്കുലറില്‍ അനുമതി നല്‍കിയിരുന്നു.
ഇതിന്റെ മറവില്‍ ചില വന്‍കിട ആശുപത്രികളും സ്‌കൂളുകളും നിലവില്‍ നികത്തിയ വയല്‍ ഭൂമിയില്‍ കൈവശം ഉറപ്പിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
2008ന് മുന്‍പ് നികത്തിയ നിലത്തിന്റെ കാര്യം ഭൂവിനിയോഗ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്നു. സര്‍ക്കുലര്‍ ഭേദഗതി ചെയ്യാന്‍ രാഷ്ട്രപതിയുടെ അനുമതി എത്രയും പെട്ടെന്ന് വാങ്ങണമെന്നും യോഗം കേരള ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
2008നു മുന്‍പ് നികത്തിയതെന്ന പേരില്‍ കള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഉദ്യോഗസ്ഥരെ ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുവാന്‍ നിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
കരുണാകരന്‍ പിള്ള, ഹരിചന്ദ്രന്‍, പല്ലിശേരി, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. നെല്‍വയല്‍ സംരക്ഷണ നിയമം ഉപയോഗിച്ച് ഡാറ്റാ ബാങ്കില്‍ കൃത്രിമം കാട്ടി ഇപ്പോള്‍ ചിലര്‍ നികത്തിയ വയല്‍, കരഭൂമിയാക്കി ഉപയോഗിക്കുന്നത് ദുഃഖകരമാണെന്നും യോഗം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."