എല്ലാ പഞ്ചായത്തിലും സപ്ലൈകോ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും: മന്ത്രി
കോട്ടയം : ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ എല്ലാ പഞ്ചായത്തിലും സപ്ലൈകോയുടെ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. സപ്ലൈകോയുടെ ഓണം-ബക്രീദ് ജില്ലാ ഫെയര്‍ കോട്ടയം സപ്ലൈകോ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പഞ്ചായത്തില്‍ ഒരു സപ്ലൈകോ ഓണച്ചന്തയെങ്കിലും ഇത്തവണ പ്രവര്‍ത്തിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് 1500ഓളം ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കും. ഇതിനുള്ള പണം കണ്ടെത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
ഉത്സവകാലത്തെ വിലക്കയറ്റം തടയുന്നതിന് 200 കോടി രൂപയുടെ സബ്‌സിഡിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന് 150 കോടി രൂപയും നല്‍കുന്നു. ഇതിന്റെ ഗുണഫലം ലഭിക്കുന്നത് സാധാരണക്കാര്‍ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാവേലിസ്റ്റോറില്‍ വിതരണം ചെയ്യുന്ന 13 ഇനം സാധനങ്ങളുടെ വില ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നതു വരെ വര്‍ധിപ്പിക്കേണ്ടതില്ല എന്ന തീരുമാനവും പാവപ്പെട്ടവര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ആദ്യവില്‍പന നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ എസ്. ഗോപന്‍, ടി.സി. റോയ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സി.കെ. ശശിധരന്‍, സണ്ണി തെക്കേടം, പി.കെ. ആനന്ദക്കുട്ടന്‍, എം.റ്റി. കുര്യന്‍, സി.എന്‍. സുഭാഷ്, സാബു മുരിക്കവേലി, ജില്ലാ സപ്ലൈ ഓഫീസര്‍ എംപി. ശ്രീലത, താലൂക്ക് സപ്ലൈ ഓഫിസര്‍ കെ.ബി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."