ജില്ലയിലെ ആദ്യ കുടുംബാരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു
കട്ടപ്പന: സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിമാറ്റുന്ന പദ്ധതി ജില്ലയില്‍ യാഥാര്‍ഥ്യമായി. ജില്ലയിലെ ആദ്യകുടുംബാരോഗ്യകേന്ദ്രം കാഞ്ചിയാറില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന് എം.എല്‍.എ നിര്‍വഹിച്ചു.
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി വിവരശേഖരണം നടത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.ആര് രേഖ ഇ-ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് ഡോ. സുജിത്ത്, കാഞ്ചിയാര്‍ രാജന്, കെ.എന്‍. ബിനു, ബിന്ദു മധുക്കുട്ടന്‍, സാവിയോ പള്ളിപ്പറമ്പില്‍, കെ.സി ബിജു, വി.വി ജോസ്, സാബു കൊച്ചുപറമ്പില്‍ സംസാരിച്ചു.
ബ്ലോക്ക് തലത്തില്‍ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നത്. സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷംരൂപയും എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ചിലവഴിച്ചാണ് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്.
കാഞ്ചിയാര്‍ പഞ്ചായത്ത് പി.എച്ച്.സിയെ കുടുംബാരോഗ്യകേന്ദ്രമാക്കി മികവുറ്റ ആതുരസേവന കേന്ദ്രമാക്കി മാറ്റുന്നതിന് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. അഞ്ച് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഒ.പി പ്രവര്‍ത്തിക്കും. കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷണം ലഭ്യമാക്കും.
ശയ്യാവലംബരായ രോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്സേവനവും പഞ്ചായത്ത് ഉറപ്പുവരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."