മലേഗാവ് സ്‌ഫോടനക്കേസ്: കേണല്‍ പുരോഹിതിന് ജാമ്യം
ന്യൂഡല്‍ഹി: 2008 മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ സംഘ്പരിവാര്‍ പ്രവര്‍ത്തകനായ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിതിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് പുരോഹിതിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സപറേ എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
2008 സപ്തംബര്‍ 29ന് നാഷിക് ജില്ലയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. പുരോഹിതിന് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. പുരോഹിതിനെതിരെ തെളിവുണെന്ന് സുപ്രിം കോടതിയില്‍ നടന്ന വാദം കേള്‍ക്കലില്‍ എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു.
ബോംബൈ ഹൈക്കോടതി ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന സ്‌ഫോടനത്തിലെ ഇരയുടെ പിതാവിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
മലേഗാവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് ബോംബ് വയ്ക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഗൂഢാലോചന നടത്തിയിരുന്നുവെന്ന എന്‍.ഐ.എയുടെ കണ്ടെത്തല്‍ പുരോഹിത് നിഷേധിച്ചിരുന്നു. മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ താന്‍ ജോലിയുടെ ഭാഗമായി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു യോഗം ചേര്‍ന്നത് എന്നായിരുന്നു പുരോഹിതിന്റെ വാദം.
കേസിലെ കൂട്ടുപ്രതി മേജര്‍ ഉപാധ്യായയുമായി നടത്തിയ സംഭാഷണമാണ് കേസില്‍ പുരോഹിതിനെതിരായ തെളിവ്. മുഖ്യപ്രതികളിരൊളും തീവ്ര ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരത് നേതാവുമായ സാധ്വി പ്രഗ്യാസിങ്ങ് അറസ്റ്റിലാതിന്റെ തൊട്ടടുത്ത ദിവസമാണ് തെളിവിനാസ്പദമായ ഇരുവരുടേയും സംഭാഷണം നടന്നത്. സംസാരത്തിനിടെ പ്രഗ്യാസിങ് തന്റെ പേരു പറയുമോയെന്ന് ഉപാധ്യായ ആശങ്കപ്പെടുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."