മന്ത്രിയ്ക്കും എം.എല്‍.എക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനും എതിരേ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കായല്‍ കൈയേറ്റം, സര്‍ക്കാര്‍ ഭൂമി കൈയേറി റിസോര്‍ട്ട് നിര്‍മാണം, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗപ്പെടുത്തി റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണം, ദേവസ്വം ഭൂമി അനധികൃതമായി കൈയടക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് തോമസ് ചാണ്ടിക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. അതു പോലെ തന്നെ ഗുരുതരമാണ് പി.വി അന്‍വറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളും. കൂടരഞ്ഞി പഞ്ചായത്തിലെ പരിസ്ഥിതിലോല പ്രദേശത്ത് കുന്നുകള്‍ ഇടിച്ചു നിരത്തി വാട്ടര്‍ തീം പാര്‍ക്ക് പണിയുകയും തടയണ കെട്ടി നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്‍വറിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം.
ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിയില്ലാതെയാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയും എം.എല്‍.എയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത് അതീവ ഗൗരവകരമാണെന്നും ഇതേക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."